അൽമേരെ∙ ഒഴിഞ്ഞുകിടക്കുന്ന വീടുകൾക്ക് പ്രതിവർഷം 2,000 യൂറോ (ഏകദേശം രണ്ടു ലക്ഷത്തിലധികം രൂപ) പിഴ ഈടാക്കാൻ നെതർലൻഡ്സിലെ അൽമേരെ നഗരസഭ തീരുമാനിച്ചു. രാജ്യത്ത് കടുത്ത ഭവനക്ഷാമം തുടരുമ്പോൾ, ഇതിന് പരിഹാരമായി ഇത്തരം ഒരു നടപടിയിലേക്ക് കടക്കുന്ന ആദ്യ തദ്ദേശ സ്ഥാപനമാണ് അൽമേരെ.2027 ജനുവരി ഒന്ന് മുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വരിക. അന്നേ ദിവസം വരെ തുടർച്ചയായി ഒരു വർഷമോ അതിൽ കൂടുതലോ ആളില്ലാതെ കിടക്കുന്ന വീടുകളുടെ ഉടമസ്ഥരിൽ നിന്നാണ് ഈ തുക പിഴയായി ഈടാക്കുക.
ഡച്ച് സെൻട്രൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കനുസരിച്ച്, നെതർലൻഡ്സിൽ ആകെ രണ്ടു ലക്ഷത്തോളം വീടുകൾ ഉപയോഗിക്കപ്പെടാതെ കിടക്കുന്നുണ്ട്. ഇതിൽ 64,000ത്തിൽ അധികം വീടുകൾ ഒരു വർഷത്തിലേറെയായി അടഞ്ഞുകിടക്കുന്നവയാണ്. അൽമേരെ നഗരത്തിൽ മാത്രം ഇത്തരത്തിൽ നാനൂറോളം വീടുകളുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
നഗരത്തിൽ പുതിയ വീടുകൾ നിർമിക്കുന്നുണ്ടെങ്കിലും നിലവിലുള്ളവ കൃത്യമായി പ്രയോജനപ്പെടുത്തേണ്ടതുണ്ട്. ഭവനക്ഷാമം രൂക്ഷമായിരിക്കുന്ന ഈ സമയത്ത് 400 വീടുകൾ ഒഴിഞ്ഞുകിടക്കുന്നത് ചെറിയ വിഷയമല്ല. നമുക്ക് ഓരോ വീടും ഒരുപോലെ പ്രധാനപ്പെട്ടതാണെന്ന്’ നഗരസഭാ കൗൺസിലർ പോൾ ടാങ് വ്യക്തമാക്കി.
ഒഴിഞ്ഞുകിടക്കുന്ന വീടുകൾക്ക് നികുതി ഏർപ്പെടുത്താൻ തദ്ദേശ സ്ഥാപനങ്ങൾക്ക് ഡച്ച് ഭവന മന്ത്രാലയം ഈ വർഷം തുടക്കത്തിൽ അനുമതി നൽകിയിരുന്നു. ഈ നിയമം പ്രയോജനപ്പെടുത്തിയാണ് അൽമേരെ നഗരസഭയുടെ ഇപ്പോഴത്തെ നീക്കം. എന്നാൽ, നഗരസഭയുടെ ഈ തീരുമാനത്തിനെതിരെ റിയൽ എസ്റ്റേറ്റ് നിക്ഷേപക സംഘടനയായ ‘വസ്റ്റ്ഗോഡ് ബെലാങ്’ രംഗത്തെത്തിയിട്ടുണ്ട്. വസ്തുക്കളുടെ വില വർധന പ്രതീക്ഷിച്ച് ഉടമകൾ മനപ്പൂർവം വീടുകൾ പൂട്ടിയിടുകയാണെന്ന വാദം തെറ്റാണെന്ന് സംഘടന ഡയറക്ടർ എഡ്വേർഡ് ടൗവ് പറഞ്ഞു. വാടക വരുമാനം വേണ്ടെന്നുവെക്കാൻ ഒരു നിക്ഷേപകനും ആഗ്രഹിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.