ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; അന്വേഷണത്തിന് ഗതാഗത വകുപ്പ് സെക്രട്ടറി ടിവി അനുപമയെ നിയോഗിച്ച് സർക്കാർ

തിരുവനന്തപുരം: മലപ്പുറത്ത് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ സംഭവം ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും. രണ്ട് ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട് നൽകാൻ നിർദ്ദേശം നൽകി. മോട്ടോർ വാഹന വകുപ്പിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് ശേഷമാണ് മലപ്പുറം കീഴശേരി മുണ്ടപറമ്പ് സ്വദേശി ഷൗക്കത്ത് ജീവനൊടുക്കിയത്.

 

കൈക്കൂലി നൽകാത്തതിനെ തുടർന്ന് തന്റെ ഉപജീവന മാർഗമായ ഓട്ടോറിക്ഷയ്ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാതെ അധികൃതർ പീഡിപ്പിച്ചുവെന്നാണ് ആത്മഹത്യാ കുറിപ്പിൽ ഉന്നയിചിരിക്കുന്ന ആരോപണം. ഏജന്റ് വഴിയല്ലാതെ എംവിഡിയെ നേരിട്ട് സമീപിച്ചപ്പോൾ നിഷേധിച്ചുവെന്നും തന്റെ മരണത്തിന് ഉത്തരവാദികൾ മോട്ടോർ വാഹന വകുപ്പ് ആണെന്നും കുറിപ്പിൽ പറയുന്നു.

 

‘കഴിഞ്ഞ പത്ത് മാസമായി ഏജന്റ് ഓഫീസുകൾ കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ല. ഇനി എന്റെ മുമ്പിൽ മറ്റുമാർഗങ്ങളില്ല. അടുത്ത ഇര നിങ്ങളാവരുത് എന്നുണ്ടെങ്കിൽ മരണത്തിന് ശേഷമെങ്കിലും എനിക്ക് നീതി വാങ്ങിത്തരിക എന്നതാണ് ഒരു ഇന്ത്യൻ സിറ്റിസൺ എന്ന നിലയിൽ ചെയ്യേണ്ടത്. സിസ്റ്റത്തോടുള്ള പ്രതിഷേധം കൂടിയാണ് എന്റെ ജീവനൊടുക്കാനുള്ള തീരുമാനം. ഓട്ടോയിൽ സ്റ്റീൽ വർക്ക് ഉണ്ടെന്നും പറഞ്ഞാണ് എംവിഡി ഫിറ്റ്നസ് നിഷേധിച്ചത്. ബഹുമാനപ്പെട്ട ആഭ്യന്തര മന്ത്രിയും, ഹൈക്കോടതിയും വിഷയത്തിൽ ഇടപെടണമെന്നാണ് അവസാന ആഗ്രഹം.’ ഷൗക്കത്ത് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

 

വാഹനം നിരത്തിലിറക്കാൻ സാധിക്കാതായതോടെ വരുമാനം പൂർണമായി നിലയ്ക്കുകയും വായ്പാ തിരിച്ചടവുകൾ മുടങ്ങുകയും ചെയ്തു. ഇതോടെ താൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കും മാനസിക വിഷമത്തിലേക്കും തള്ളിവിടപ്പെടുകയായിരുന്നുവെന്ന് യുവാവ് കുറിപ്പിൽ പറയുന്നു. തനിക്കൊപ്പം കുടുംബമോ ബന്ധുക്കളോ ഇല്ലാത്തതിനാൽ മരണശേഷവും തനിക്ക് നീതി ലഭിക്കാൻ പൊതുസമൂഹം ശബ്ദമുയർത്തണമെന്ന് ഷൗക്കത്ത് ആവശ്യപ്പെടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *