തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാർ 100 ദിവസം പിന്നിട്ടിട്ടും കേരളത്തിൽ മാറ്റത്തിനോ വികസനത്തിനോ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനോ നടപടികളുണ്ടായിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സർക്കാരിന്റെ ആദ്യ 100 ദിവസം ‘അപകട രാഷ്ട്രീയത്തിന്റെ 100 ദിവസങ്ങൾ’ ആയിരുന്നെന്നും അദ്ദേഹം ആരോപിച്ചു.
ഹിന്ദു വിശ്വാസത്തിനെതിരായ അധിക്ഷേപകരമായ പരാമർശങ്ങളിൽ സർക്കാർ മൗനം പാലിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി. സണ്ണി കപിക്കാട് ഉൾപ്പെടെയുള്ളവരുടെ വിവാദ പരാമർശങ്ങളിൽ നിയമനടപടി സ്വീകരിക്കാതെ സർക്കാർ നിഷ്ക്രിയമായി തുടരുന്നത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദു വിശ്വാസത്തിനെതിരായ വിദ്വേഷ പ്രസംഗങ്ങളിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ദേവസ്വം മന്ത്രി കെ. മുരളീധരൻ എന്നിവർ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നും നിയമം എല്ലാവർക്കും ഒരുപോലെ ബാധകമല്ലേയെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു.
ശബരിമലയിലെ സ്വർണക്കവർച്ച ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തിക്കാട്ടി അധികാരത്തിലെത്തിയ കോൺഗ്രസ് പിന്നീട് ശബരിമലയെയും ഭഗവാൻ അയ്യപ്പനെയും മറന്നുവെന്നും അദ്ദേഹം ആരോപിച്ചു. വിശ്വാസമർപ്പിച്ച ആയിരക്കണക്കിന് ഹിന്ദു വോട്ടർമാരെ കോൺഗ്രസ് വഞ്ചിച്ചെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.