ലോക്‌നാഥ് ബെഹ്‌റയുടെ കാലാവധി നീട്ടില്ല ; ബിജു പ്രഭാകർ, ജിജി തോംസൺ എന്നിവർക്ക് സാധ്യത

കൊച്ചി : മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായ ലോക്‌നാഥ് ബെഹ്‌റയുടെ കാലാവധി അവസാനിക്കാനിരിക്കെ, അദ്ദേഹത്തിന് ഇനി കാലാവധി നീട്ടിനല്‍കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് സംസ്ഥാന സര്‍ക്കാര്‍. കെ എം ആര്‍ എല്‍ മാനേജിംഗ് ഡയറക്ടര്‍ പദവിയില്‍ ബെഹ്‌റയുടെ നിലവിലെ കാലാവധി ആഗസ്റ്റ് 31-ന് അവസാനിക്കും.

വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥരായ ബിജു പ്രഭാകർ , ജിജി തോംസൺ എന്നിവരുടെ പേരുകളാണ് ലോക്നാഥ് ബെഹ്റയ്ക്ക് പകരമായി സർക്കാരിന് മുന്നിലുള്ളതെന്ന് ന്യൂഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. 2004 ബാച്ച് കേരള കേഡർ ഉദ്യോഗസ്ഥനായ ബിജു പ്രഭാകർ 2025 ഏപ്രിലിൽ കെഎസ്ഇബി ചെയർമാനും മാനേജിങ് ഡയറക്ടർ, ഗതാഗത സെക്രട്ടറി പദവികളിൽ നിന്ന് വിരമിച്ചത്. 2016 ഫെബ്രുവരിയിൽ ചീഫ് സെക്രട്ടറിയായി വിരമിച്ച ജിജി തോംസണെ അന്നത്തെ യുഡിഎഫ് സർക്കാർ കാബിനറ്റ് പദവിയോടെ മുഖ്യമന്ത്രിയുടെ ഉപദേശകനായി നിയമിച്ചിരുന്നു.

കൊച്ചി മെട്രോയുടെ പേരുമാറ്റൽ വിവാദമുണ്ടാക്കിയ വിവാദം കെട്ടടങ്ങിയ സാഹചര്യത്തിലാണ് കെഎംആർഎൽ എംഡിയുടെ കാലാവധി സംബന്ധിച്ച ചർച്ച സജീവമാകുന്നത്. പേരുമാറ്റൽ വിവാദത്തിൽ മുഖ്യമന്ത്രി വിഡി സതീശൻ ബെഹ്‌റയെ പരസ്യമായി വിമർശിച്ചിരുന്നു. സർക്കാരുമായി കൂടിയാലോചിക്കാതെയുള്ള പേര് മാറ്റം വരുത്താനുള്ള കെഎംആർഎല്ലിന്റെ തീരുമാനത്തെ കോൺഗ്രസ് നേതാക്കൾ ചോദ്യം ചെയ്തിരുന്നു.

മുന്‍പ് ഡി ജി പി പദവിയില്‍ നിന്ന് വിരമിച്ച ശേഷം 2021 ആഗസ്റ്റിലാണ് ബെഹ്‌റ കെ എം ആര്‍ എല്‍ എം ഡിയായി ചുമതലയേല്‍ക്കുന്നത്. തുടര്‍ന്ന് ലഭിച്ച കാലാവധി നീട്ടല്‍ അവസാനിക്കുന്ന പശ്ചാത്തലത്തില്‍, പുതിയ ഉത്തരവുകളൊന്നും ഇറക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. ബെഹ്‌റക്ക് പകരം ഐ എ എസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് പുതിയൊരാളെ എം ഡി സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് സര്‍ക്കാരിന്റെ നീക്കം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തുല്യ പങ്കാളിത്തമുള്ള സംരംഭമായതിനാല്‍ ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാകും അന്തിമ പ്രഖ്യാപനമുണ്ടാവുക.

Leave a Reply

Your email address will not be published. Required fields are marked *