കൊല്ലം: കണ്ണനല്ലൂരിലെ തട്ടുകടയിൽ ചമ്മന്തി ലഭിക്കാത്തതിനെ തുടർന്ന് അക്രമം നടത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുഖത്തല പാങ്കോണം സ്വദേശി അജ്മലാണ് (36) പിടിയിലായത്. അക്രമങ്ങൾക്ക് പുറമെ ലഹരിക്കേസുകളിലും ഇയാൾ പ്രതിയാണ്. കാപ്പാ കേസ് ചുമത്തിയാണ് പ്രതിയെ കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തത്.തട്ടുകടയിൽ അക്രമം നടത്തിയതടക്കം നാലോളം ക്രിമിനൽ കേസുകളാണ് ഇയാൾക്കെതിരെയുള്ളത്. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കായുള്ള ഓപ്പറേഷൻ തൂഫാൻ പ്രവർത്തനങ്ങളുടെ ഭാഗമായി കൂടിയാണ് കാപ്പാ കേസ് പ്രതിയായ ഇയാളെ അറസ്റ്റ് ചെയ്തത്. ചാത്തന്നൂർ എസിപിയുടെ നിർദേശപ്രകാരമാണ് കൊട്ടിയം പൊലീസ് ഇയാളെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കിയതിന് ശേഷം റിമാൻഡ് ചെയ്തു. ഇതുകൂടാതെ അഞ്ച് തവണ വിവിധ കേസുകളിൽ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.