ചണ്ഡീഗഡിൽ നിന്ന് തട്ടിക്കൊണ്ടുപോയി മൊരിന്ദയിൽ വച്ച് ആക്രമിക്കുകയും തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതിനെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 28കാരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മൻജീത് കൗർ ഏഴ് ആഴ്ചയോളം ഗർഭിണിയായിരുന്നുവെന്ന് പൊലീസ്. ആഗസ്റ്റ് 26ന് പിജിഐഎംഇആറിൽ (PGIMER) ചികിത്സയിലിരിക്കെയാണ് മരണം.
വിവാഹമോചിതയായ മൻജീത് കൗറിന് ഏഴ് വയസ്സുള്ള മകനുണ്ട്. കുട്ടി നിലവിൽ മുൻ ഭർത്താവിനൊപ്പമാണ് താമസിക്കുന്നത്. കേസിന്റെ അന്വേഷണത്തിനിടെയാണ് മൻജീത് കൗർ ഗർഭിണിയായിരുന്നുവെന്ന വിവരം പൊലീസ് സ്ഥിരീകരിച്ചത്.
മൻജീത് കൗറിന്റെ സംസ്കാരച്ചടങ്ങുകൾ നടക്കുന്നതിനാൽ കുടുംബാംഗങ്ങൾ അന്വേഷണവുമായി ബന്ധപ്പെട്ട നടപടികളിൽ ഇതുവരെ പങ്കെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
മൊരിന്ദയിൽ ആക്രമണം
എഫ്‌ഐആർ പ്രകാരം ജൂലൈ മൂന്നിനാണ് മൻജീത് കൗറിനെ നിർബന്ധിച്ച് കാറിൽ കയറ്റി ചണ്ഡീഗഡിൽനിന്ന് മൊരിന്ദയിലേക്ക് കൊണ്ടുപോയത്. അവിടെവച്ച് പ്രതികൾ മൻജീത് കൗറിനെ മർദിച്ചശേഷം മൾബറി മരത്തിൽ കെട്ടിയിട്ട് തീകൊളുത്തിയെന്നാണ് ആരോപണം.
സംഭവസ്ഥലത്തെത്തിയ മൻജീത് കൗറിന്റെ സുഹൃത്ത് പുതപ്പ് ഉപയോഗിച്ച് തീ അണച്ചശേഷം അവരെ മൊരിന്ദയിലെ ആശുപത്രിയിലെത്തിച്ചു. തുടർന്ന് മൊഹാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് ജൂലൈ ഒമ്പതിന് പിജിഐഎംഇആറിൽ പ്രവേശിപ്പിച്ചു.
ആഗസ്റ്റ് അഞ്ചിന് മൻജീത് കൗറിന് ബോധം തിരിച്ചുകിട്ടിയെങ്കിലും ആരോഗ്യനില ഗുരുതരമായി തുടർന്നു. ആഴ്ചകളോളം ചികിത്സയിൽ കഴിഞ്ഞശേഷം ആഗസ്റ്റ് 26ന് മരിച്ചു.
രണ്ട് പേർ പ്രതികൾ
ശുഭി, പിൻഡ എന്നിവരെയാണ് കേസിൽ പ്രതികളാക്കിയിരിക്കുന്നത്. ഇരുവരെയും കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണ് ചണ്ഡീഗഡ് പൊലീസ്. മൻജീത് കൗറിന്റെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തട്ടിക്കൊണ്ടുപോകൽ, കൊലപാതകം കുറ്റങ്ങൾ ചുമത്തി പോലീസ് കേസ് എടുത്തിട്ടുണ്ട്.