സമൂഹ മാധ്യമങ്ങളിലൂടെ തന്റെ ചിത്രം എഡിറ്റ് െചയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജൻ. വ്യാജ ചിത്രം പങ്കുവച്ച ഇൻസ്റ്റഗ്രാം അക്കൗണ്ടിന്റെ വിവരങ്ങളും നടി പുറത്തുവിട്ടു. ഇതിനു പിന്നിലുളള ആളുകൾക്കെതിരെ എത്രയും പെട്ടന്ന് നിയമനടപടി എടുക്കണമെന്ന് കേരള പൊലീസിനോടും സൈബർ സെല്ലിനോടും നടി ആവശ്യപ്പെട്ടിട്ടുണ്ട്.
‘‘എന്റെ സൽപ്പേരിന് കളങ്കം വരുത്തുക എന്ന ദുരുദ്ദേശ്യത്തോടെ, ഈ ചിത്രം അശ്ലീലകരവും അപകീർത്തികരവുമായ രീതിയിൽ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചിരിക്കുകയാണ്. ഇത് ലജ്ജാകരവും, അംഗീകരിക്കാനാവാത്തതും, എന്റെ സ്വകാര്യതയുടെയും അന്തസ്സിന്റെയും ഗുരുതരമായ ലംഘനവുമാണ്.ഞാൻ ഈ അക്കൗണ്ട് ഔദ്യോഗികമായി ഇൻസ്റ്റാഗ്രാമിന് റിപ്പോർട്ട് ചെയ്യും, കൂടാതെ ബാധകമായ നിയമങ്ങൾക്കനുസരിച്ച് ഒരു പൊലീസ് പരാതി ഫയൽ ചെയ്യുകയും ചെയ്യും. ഈ എഡിറ്റ് ചെയ്ത ഉള്ളടക്കം ഉണ്ടാക്കുകയോ പങ്കുവയ്ക്കുകയോ ചെയ്തവർ ആരായാലും ഉത്തരം പറയേണ്ടിവരും. നിയമപരമായ നടപടികൾ സ്വീകരിക്കും, നീതി ഉറപ്പാക്കും വരെ ഞാൻ ഈ കാര്യത്തിൽ മുന്നോട്ട് പോകും.ദയവായി ഇത്തരം അധിക്ഷേപകരമായ ഉള്ളടക്കത്തെ പിന്തുണയ്ക്കുകയോ പങ്കുവയ്ക്കുകയോ ചെയ്യരുത്.’’–അന്ന രേഷ്മ രാജന്റെ വാക്കുകൾ.
ഇത് ആദ്യമായല്ല അന്നയ്ക്ക് ഈ രീതിയിലുള്ള സൈബർ ആക്രമണം നേരിടേണ്ടി വരുന്നത്. ‘ലിച്ചി’ എന്ന വിളിപ്പേരിൽ പ്രശസ്തയായ നടി അന്ന രാജൻ ഉദ്ഘാടന വേദികളിലെ വസ്ത്രധാരണത്തിന്റെ പേരിൽ സാമൂഹിക മാധ്യമങ്ങളിൽ നിരന്തരമായി വിമർശനങ്ങൾ നേരിടാറുണ്ട്. അതു ചിലപ്പോൾ ബോഡി ഷെയ്മിങുകളിലേക്കും വൾഗർ ആയ അഭിപ്രായ പ്രകടനങ്ങളിലേക്കും പോകാറുണ്ട്. നടി ഉദ്ഘാടന വേദികളിൽ പങ്കെടുക്കുന്നതിന്റെ വിഡിയോകളോ ചിത്രങ്ങളോ സോഷ്യൽ മീഡിയയിൽ വരുമ്പോൾ പലപ്പോഴും താരത്തിന്റെ വസ്ത്രധാരണത്തെക്കുറിച്ചുള്ള മോശം കമന്റുകളാണ് കമന്റ് ബോക്സുകളിൽ നിറയാറുള്ളത്. വസ്ത്രത്തിന്റെ ‘ഫിറ്റിങ്’ സംബന്ധിച്ചും, ‘ശരീരത്തെ എടുത്തു കാണിക്കുന്നു’ എന്ന രീതിയിലുള്ളതുമായ വിമർശനങ്ങളാണ് കൂടുതലും. ഈ കമൻ്റുകൾ പലപ്പോഴും ബോഡി ഷെയ്മിങ് എന്ന നിലയിലേക്ക് മാറാറുമുണ്ട്. അന്നയുടെ തന്നെ പല ചിത്രങ്ങളും വൾഗര്‍ ആയ രീതിയിലും പ്രചരിപ്പിക്കാറുണ്ട്.