പ്രധാനമന്ത്രിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ആദരം 1.4 കോടി ഇന്ത്യക്കാർക്കുള്ളതെന്ന് മോദി

താഷ്‌കന്റ്: ഉസ്ബെക്കിസ്ഥാൻ സന്ദർശനത്തിനിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തിന്റെ ഏറ്റവും ഉയർന്ന സംസ്ഥാന ബഹുമതിയായ “ഒലിയ് ദരാജലി ദുസ്ത്ലിക്” (Order of “Oliy Darajali Dustlik”) സമ്മാനിച്ചു. താഷ്‌കന്റിൽ വെച്ച് പ്രസിഡന്റ് ഷവ്കത് മിർസിയോയേവാണ് മോദിയെ പുരസ്കാരം നൽകി ആദരിച്ചത്. മോദിക്ക് ലഭിക്കുന്ന മുപ്പത്തിയാറാം അന്താരാഷ്ട്ര പുരസ്കാരമാണിത്.

ഈ ബഹുമതി അങ്ങേയറ്റം വിനയത്തോടെ സ്വീകരിക്കുന്നുവെന്നും, ഇന്ത്യയും ഉസ്ബെക്കിസ്ഥാനും തമ്മിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള സൗഹൃദത്തിനും പങ്കിട്ട പൈതൃകത്തിനുമായി ഇത് സമർപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി മോദി വ്യക്തമാക്കി. പ്രധാനമന്ത്രി മോദിയുടെയും പ്രസിഡന്റ് മിർസിയോയേവിന്റെയും സാന്നിധ്യത്തിൽ ഇന്ത്യയും ഉസ്ബെക്കിസ്ഥാനും തമ്മിൽ ധാരണാപത്രങ്ങൾ കൈമാറി.

ഉസ്ബെക്കിത്താന്റെ പരമോന്നത പുരസ്കാരം ലഭിച്ചതിൽ അഭിമാനമുണ്ടെന്നും, ഇന്ത്യയും ഉസ്ബെക്കിസ്ഥാനും തമ്മിലുള്ള ദൃഢമായ ബന്ധത്തിനായി ഈ ആദരം സമർപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. “സുഹൃത്ത്” എന്നർത്ഥം വരുന്ന “ദോസ്ത്” എന്ന വാക്ക് ഇന്ത്യക്കാർക്കും സുപരിചിതമാണെന്നും, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ കാതൽ “ദുസ്ത്ലിക്” എന്ന വാക്ക് കൃത്യമായി പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഈ അംഗീകാരം ഒരു വ്യക്തിക്കുള്ളതല്ല, മറിച്ച് 1.4 കോടി ഇന്ത്യക്കാർക്കുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ കൈവരിച്ച പുരോഗതിയെ ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റ് മിർസിയോയേവ് പ്രശംസിച്ചു. സാമ്പത്തിക വളർച്ച, ഡിജിറ്റലൈസേഷൻ, വിവരസാങ്കേതികവിദ്യ, കൃത്രിമ ബുദ്ധി (എഅ), ബഹിരാകാശ പര്യവേക്ഷണം തുടങ്ങിയ മേഖലകളിൽ ഇന്ത്യ മികച്ച നേട്ടങ്ങൾ കൈവരിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ആഗോളതലത്തിൽ ഇന്ത്യയുടെ സ്വാധീനവും ശബ്ദവും ശക്തമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *