ന്യൂഡൽഹി: ആശുപത്രിയിൽ നിന്ന് കാണാതായ മൂന്നുവയസുകാരനെ ബിഹാറിൽ കണ്ടെത്തി. ഡൽഹിയിലെ ഗുരു ഗോബിന്ദ് സിംഗ് ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയ സ്ത്രീയുടെ കുട്ടിയാണ് കളിച്ചുകൊണ്ടിരിക്കെ കാണാതായത്. സംഭവത്തിൽ ആറ് പെൺമക്കളുടെ അമ്മയായ ചുൻരി ദേവി (31) എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആൺകുട്ടികളില്ലാത്തതിന്റെ മനോവിഷമമാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ യുവതിയെ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഡൽഹിയിലെ ആശുപത്രിയിൽ നിന്ന് കുഞ്ഞ് കാണാതായത്. വെസ്റ്റ് ഡൽഹി പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്. പരിശോധനയിൽ അപരിചിതയായ ഒരു സ്ത്രീ കുഞ്ഞുമായി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഇ-റിക്ഷയിൽ കയറി മദിപൂർ ഗ്രാമത്തിലേക്ക് ഇവർ പോയതായും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി.
മദിപൂരിലെ വാടകവീട്ടിൽ കഴിയുകയായിരുന്ന 31 കാരി ചുൻരി ദേവിയാണ് കുഞ്ഞിനെ തട്ടിയെടുത്തതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. എന്നാൽ പൊലീസെത്തുന്നതിന് മുൻപ് തന്നെ ഇവർ ബീഹാറിലെ സ്വന്തം ഗ്രാമത്തിലേക്ക് കടന്നിരുന്നു. തുടർന്ന് സാങ്കേതിക സഹായത്തോടെയും രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലുമാണ് പൊലീസ് ബീഹാറിലുള്ള മുഗർ ജില്ലയിലെ അസ്നാഹ ഗ്രാമത്തിലെത്തിയത്. അവിടെ നടത്തിയ റെയ്ഡിൽ കുഞ്ഞിനെ സുരക്ഷിതമായി കണ്ടെത്തുകയായിരുന്നു.
ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ ഇനി കുട്ടികൾ ഉണ്ടാകില്ലെന്നും സ്വന്തമായി ഒരു ആൺകുട്ടിയെ വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് കുഞ്ഞിനെ തട്ടിയെടുത്തതെന്ന് യുവതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. കുഞ്ഞിനെ സുരക്ഷിതമായി ഡൽഹിയിലെത്തിച്ച പൊലീസ് കുടുംബത്തിന് കൈമാറി.
പെൺമക്കൾ ആറ്, ആൺകുട്ടിയെ വേണമെന്ന് മോഹം; മൂന്നുവയസുകാരനെ തട്ടിക്കൊണ്ടുപോയ സ്ത്രീ പിടിയിൽ