ബെംഗളൂരു: ബെംഗളൂരുവിൽ നാലുമാസം പ്രായമുള്ള ഇരട്ടക്കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാൻ ശ്രമിച്ച നാൽപതുകാരിയായ അമ്മ അറസ്റ്റിൽ. പ്രസവത്തിനുശേഷം കുട്ടികളുടെ അമ്മയുടെ പെരുമാറ്റത്തിൽ മാറ്റമുണ്ടായതായും ഇത് അവരുടെ മാനസികാരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകൾക്ക് കാരണമായതായും റിപ്പോർട്ടുകളുണ്ട്.
വജ്രഹള്ളിയിലെ വീട്ടിൽ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ഉമാ ദേവി, ഭർത്താവ് രാമലിംഗപ്പ, ഇരട്ടക്കുട്ടികൾ, ഉമാ ദേവിയുടെ ഭർത്താവിന്റെ അമ്മ എന്നിവരാണ് വീട്ടിൽ താമസിച്ചിരുന്നത്. റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരനായ രാമലിംഗപ്പയാണ് അറസ്റ്റിലായ സ്ത്രീയുടെ ഭർത്താവ്. ഇയാൾ നൽകിയ പരാതിപ്രകാരം, 2002-ലാണ് ഉമാ ദേവിയുമായുള്ള വിവാഹം നടന്നത്. കുട്ടികൾ ഇല്ലാത്തതിനെത്തുടർന്ന് പിന്നീട് അവർ ഇൻ-വിട്രോ ഫെർട്ടിലൈസേഷൻ (ഐവിഎഫ്) ചികിത്സയ്ക്ക് വിധേയരായി.
ചികിത്സയ്ക്ക് ശേഷം ഗർഭിണിയായ ഉമാ ദേവി 2026 മെയ് 5-നാണ് ഇരട്ട പെൺകുട്ടികൾക്ക് ജന്മം നൽകിയത്. പ്രസവത്തിനു ശേഷം ഒന്നര മാസത്തോളം കഴിഞ്ഞപ്പോൾ ഉമാ ദേവിയുടെ പെരുമാറ്റത്തിൽ മാറ്റം വന്നു. കുട്ടികളെ നോക്കുന്നതിൽ താൽപ്പര്യക്കുറവ് കാണിക്കുകയും കുട്ടികളെ ഒരു ആശ്രമത്തിലാക്കണമെന്ന് അവർ ആവർത്തിച്ച് ആവശ്യപ്പെടുകയും ചെയ്തിരുന്നതായി ഭർത്താവിന്റെ പരാതിയിലുണ്ട്. ഉമാ ദേവി അസാധാരണമായ പെരുമാറ്റം പ്രകടിപ്പിച്ചതായും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. തുടർന്ന് കുടുംബം അവർക്ക് വൈദ്യസഹായം തേടുകയും രാഘവേന്ദ്ര ആശുപത്രിയിലും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (നിംഹാൻസ്) എന്നിവിടങ്ങളിൽ ചികിത്സ നൽകുകയും ചെയ്തു. പ്രസവാനന്തര വിഷാദരോഗവുമായും ഹോർമോൺ വ്യതിയാനങ്ങളുമായും ബന്ധപ്പെട്ടാണ് അവരുടെ അവസ്ഥയെന്ന് ഡോക്ടർമാർ കുടുംബത്തോട് പറഞ്ഞിരുന്നു.
സെപ്റ്റംബർ 1-ന് ഉച്ചയോടെ രാമലിംഗപ്പ വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഉമാ ദേവി ഒരു മുറിക്കുള്ളിൽ അടച്ചിരിക്കുന്നതായി കണ്ടു.വാതിൽ തുറന്നപ്പോൾ കഴുത്തിൽ ഷാൾ കുരുക്കി അവർ ആത്മഹത്യ ചെയ്യാൻ ശ്രമിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് അദ്ദേഹം ഉമാ ദേവിയെ രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ഇരട്ടക്കുട്ടികളെ അതേ മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉമാ ദേവി രണ്ട് കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതായി രാമലിംഗപ്പയുടെ പരാതിയിൽ പറയുന്നു.
ഉമാ ദേവിക്കെതിരെ കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 103 പ്രകാരം കേസെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട കൃത്യമായ സാഹചര്യങ്ങൾ അന്വേഷിച്ചുവരികയാണ്. പ്രസവാനന്തരമുള്ള സ്ത്രീയുടെ ആരോഗ്യസ്ഥിതി, മാനസികാവസ്ഥ, മുറിക്കുള്ളിൽ നടന്ന സംഭവങ്ങൾ എന്നിവയും പൊലീസ് പരിശോധിക്കുന്നുണ്ട്. കൂടുതൽ അന്വേഷണം പുരോഗമിക്കുന്നു.