അട്ടപ്പാടി ഇരട്ടക്കൊലപാതകം; പ്രതി പിടിയിൽ, കൊല്ലപ്പെട്ടത് തന്റെ ഭാര്യയല്ലെന്ന് മൊഴി

പാലക്കാട്: അട്ടപ്പാടിയിൽ യുവതിയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശിയായ പ്രാവത് ദാസ് ആണ് പിടിയിലായത്. ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട യുവതി തന്റെ ഭാര്യ അല്ലെന്നും രണ്ട് മാസത്തെ പരിചയം മാത്രമേ അവരുമായി ഉള്ളു എന്നും പ്രതി മൊഴി നൽകി. എന്നാൽ, കൊലപാതകത്തിന്റെ കാരണം എന്താണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. പാലക്കാട് നിന്ന് പശ്ചിമബംഗാളിലെത്തിയാണ് പ്രത്യേക അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ രണ്ട് മാസമായി ഈ സ്‌ത്രീക്കൊപ്പമാണ് പ്രതി താമസിച്ചുവരുന്നത്. ഭവാനി പുഴയിൽ ചാക്കുകളിൽ കെട്ടിയ നിലയിലായിരുന്നു മൃതദേഹങ്ങൾ. പുഴയിൽ വച്ചുതന്നെയാണ് പ്രതി കൊലപാതകം നടത്തിയതെന്നാണ് നിഗമനം. തലയിൽ ആഴത്തിലേറ്റ മുറിവാണ് യുവതിയുടെ മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുള്ളത്. കുഞ്ഞിനെ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയത്. ശേഷം മൃതദേഹങ്ങൾ കഷ്‌ടണങ്ങളാക്കി ചാക്കിൽ കെട്ടി പുഴയിൽ ഒഴുക്കുകയായിരുന്നു. കൊലപാതകത്തിന്റെ യഥാർത്ഥ കാരണം എന്താണെന്ന് വ്യക്തത വരുത്തുന്നതിനായി പ്രതിയെ വിശദമായി ചോദ്യം ചെയ്‌തുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *