തിരുവനന്തപുരം: ഇതിഹാസ താരം മെസിയുടെ പേരിലെ വൻ തട്ടിപ്പിൽ സമഗ്രാന്വേഷണത്തിൽ മുൻ കായിക മന്ത്രി വി.അബ്ദുറഹിമാനും പ്രൈവറ്റ് സെക്രട്ടറി സി.സത്യപാലനും അന്വേഷണ പരിധിയിലുണ്ട്.എ.ഡി.ജി.പി പി.വിജയൻ തലവനായി എസ്.ഐ.ടി രൂപീകരിച്ചു. ഐ.ജി സതീഷ്‌ബിനോയ്, രണ്ട് എസ്.പിമാർ, 4 ഡിവൈ.എസ്.പിമാർ എന്നിവർ സംഘത്തിലുണ്ട്. കൂടുതൽ പേരെ ഉൾപ്പെടുത്തും. 200 കോടിയുടെ തട്ടിപ്പ് നടന്നതായാണ് വിവരം. ചട്ടവിരുദ്ധമായി മന്ത്രിക്കുവേണ്ടി കത്തിടപാടുകൾ നടത്തിയത് സത്യപാലനാണ്. ഇരുവരും സ്പോൺസറും പ്രതികളായേക്കും.കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ.പ്രശാന്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എസ്.ഐ.ടി രൂപീകരിച്ചത്. ഉടൻ എഫ്.ഐ.ആർ രജിസ്റ്റർചെയ്യും. 200 കോടിയുടെ സ്രോതസും പണം ചെലവിട്ടതും കള്ളപ്പണ ഇടപാടും അന്വേഷിക്കും.അഴിമതി, വഞ്ചന, തട്ടിപ്പ് എന്നിവയുള്ളതിനാൽ അടുത്തഘട്ടത്തിൽ ക്രൈംബ്രാഞ്ച്, വിജിലൻസ് അന്വേഷണങ്ങൾക്ക് സാദ്ധ്യതയുണ്ട്. വിദേശനാണ്യ വിനിമയച്ചട്ടത്തിന്റെ ലംഘനമുള്ളതിനാൽ സി.ബി.ഐയ്ക്കും വഴിതുറന്നേക്കും. കള്ളപ്പണയിടപാടിൽ ഇ.ഡി കേസെടുത്തിട്ടുണ്ട്. ജി.എസ്.ടി വെട്ടിപ്പിൽ അന്വേഷണം പുരോഗമിക്കുകയാണ്.എസ്.ഐ.ടി രൂപീകരിക്കാൻ മുഖ്യമന്ത്രി ആഭ്യന്തരമന്ത്രിയോട് നിർദ്ദേശിച്ചിരുന്നു. എഫ്.ഐ.ആർ രജിസ്റ്റർചെയ്യും മുൻപ് എസ്.ഐ.ടി രൂപീകരിക്കുന്നത് നിയമപ്രശ്നങ്ങൾക്കിടയാക്കുമെന്ന വാദമുയർന്നതോടെ പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന്റെ ഉപദേശം തേടി. ഗുരുതര കുറ്റകൃത്യങ്ങൾ തെളിവുസഹിതം പുറത്തുവന്നതിനാൽ തടസമില്ലെന്നായിരുന്നു നിയമോപദേശം തേടിയിരുന്നു.