വിഴിഞ്ഞത്ത് ‘കണവ’യാണ് താരം

വിഴിഞ്ഞം ∙മീൻപിടിത്ത സീസൺ അവസാന ഘട്ടത്തിലേക്ക്. മേയ് പകുതിക്കു ശേഷം തുടങ്ങിയ സീസൺ ഈ മാസം അവസാനത്തോടെ കഴിയും. ഇതോടെ ജില്ലയുടെ ഇതര തീരങ്ങളിലും തമിഴ്നാട് അതിർത്തികളിലും നിന്നുള്ള മത്സ്യത്തൊഴിലാളികളും യാനങ്ങളും സ്വന്തം നാടുകളിലേക്ക് യാത്രയാകും. അവസാന ഘട്ടത്തിലേക്ക് എത്തുമ്പോൾ ഇക്കുറിയിലെ സീസൺ പ്രതീക്ഷച്ചതിലും മെച്ചം ആയിരുന്നു എന്നു മത്സ്യത്തൊഴിലാളികൾ പറഞ്ഞു.വാള മത്സ്യം ഒഴികെ മറ്റുള്ളവയെല്ലാം യഥേഷ്ടം ലഭിച്ചു. കണവ മത്സ്യം ആയിരുന്നു ഏറെ ലഭിച്ചത്. ഇപ്പോഴും തീരത്ത് താരം കണവ തന്നെ എന്നു തൊഴിലാളികൾ പറയുന്നു. കണവയുടെ പല വക ഭേദങ്ങൾ ധാരാളമായി ലഭിക്കുന്നത് കയറ്റുമതി കമ്പോളത്തിന് ഉണർവായി. ഈ സീസണിൽ വിഴിഞ്ഞത്തു നിന്നും വിദേശ തീൻ മേശയിൽ എത്തിയത് ഒരു ലക്ഷത്തോളം ടൺ കണവ മത്സ്യം ആണെന്ന് ഈ രംഗത്തുള്ളവർ പറഞ്ഞു. സീസൺ തുടങ്ങി ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ആണ് കണവ ധാരാളമായി ലഭിച്ചത് എന്നതും ശ്രദ്ധേയം. നല്ല വിലയും ലഭിക്കുന്നതായി തൊഴിലാളികൾ പറഞ്ഞു.

‘പെടപെടയ്ക്കണ’ മീനിനായി വിഴിഞ്ഞത്തേക്ക്
വിഴിഞ്ഞം ∙വള്ളത്തിൽ എത്തിക്കുന്ന പെടയ്ക്കണ മീൻ ‘പച്ച’യോടെ വാങ്ങാനായി ജില്ലയുടെ എല്ലാ ഭാഗങ്ങളിൽ നിന്നും വിഴിഞ്ഞത്തേക്ക് ജനം ഒഴുകി എത്തുകയാണ്. മീൻ വാങ്ങാൻ എത്തുന്നവരുടെ തിരക്ക് രാവിലെ തുടങ്ങും. രാത്രി വരെ നീളും. നേരിട്ട് ലേലം വിളിച്ച് എടുക്കുന്നവരെയും കാണാം. വീട്ടമ്മമാർ ഉൾപ്പെടെയുള്ളവർ ഒറ്റയ്ക്കും സംഘങ്ങളായും ഇവിടെ എത്തുന്നു. ഫ്രഷ് മീൻ വാങ്ങി രാജ്യാന്തര തുറമുഖ കാഴ്ചയും കണ്ടു മടങ്ങാം എന്നതാണ് നേട്ടം.

Leave a Reply

Your email address will not be published. Required fields are marked *