എംഡിഎംഎ കച്ചവടം; നഴ്സിങ് വിദ്യാർഥിയും സുഹൃത്തും അറസ്റ്റിൽ

പന്തീരാങ്കാവ് (കോഴിക്കോട്) ∙ ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിലെ തുടരന്വേഷണത്തിൽ മലപ്പുറം സ്വദേശിയായ യുവാവിനെയും തിരുവനന്തപുരം സ്വദേശിനിയായ നഴ്‌സിങ് വിദ്യാർഥിയെയും ഡൽഹിയിൽനിന്ന് പൊലീസ് പിടികൂടി. മലപ്പുറം നിലമ്പൂർ സ്വദേശി സി. അജ്മൽ (32), തിരുവനന്തപുരം മലയിൻകീഴ് സ്വദേശിനി പി. സൂര്യ (23) എന്നിവരെയാണ് അന്വേഷണ സംഘം നോയിഡയിൽ നിന്നും പിടികൂടിയത്.

മേയ് ഒൻപതിന് പന്തീരാങ്കാവ് കാപ്കോൺ സിറ്റിക്ക് സമീപം സർവീസ് റോഡിൽ നിർത്തിയിട്ട കാറിൽനിന്നാണ് എംഎഡിഎംഎ പിടികൂടിയത്. മലപ്പുറം സ്വദേശികളായ പള്ളിക്കൽ ബസാർ ചാലിൽ കടവത്ത് വീട്ടിൽ മുഹമ്മദ് അർശലാൽ (25), ചേലേമ്പ്ര മേലേതൊടി വീട്ടിൽ ആദിൽഷാ (20), ഐക്കരപ്പടി കുറിയേടം അമ്പായത്തിങ്ങൽ വീട്ടിൽ മുഹമ്മദ് ഫർഹാൻ (22) എന്നിവരെ അറസ്റ്റ് ചെയ്തു.

ഇവരെ ചോദ്യം ചെയ്തപ്പോൾ ഡൽഹിയിൽനിന്നാണ് ലഹരി മരുന്ന് കേരളത്തിൽ എത്തിക്കുന്നതെന്ന് വ്യക്തമായി. പൊലീസ് സംഘം ഡൽഹി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നോയിഡയിലെ ആഡംബര ഫ്ലാറ്റിൽ വച്ച് രണ്ടുപേരെകൂടി പിടികൂടിയത്. ലഹരി മരുന്ന് പാക്ക് ചെയ്യുന്നതിന് വേണ്ടി ഉപയോഗിക്കുന്ന ഡിജിറ്റൽ സ്കെയിൽ, പാക്കിങ് മെറ്റീരിയൽ, പാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന 5000 ത്തിൽ അധികം സിപ് ലോക്ക് കവറുകൾ, കറൻസി നോട്ട് എണ്ണുന്ന മെഷീൻ, നിരവധി എടിഎം കാർഡുകൾ, പാക്കിങ് സീലർ എന്നിവയും ഫ്ലാറ്റിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.

സൂര്യയുടെ പേരിലുള്ളതാണ് ഫ്ലാറ്റ്. ഇവിടെ വച്ച് ഓരോ ആഴ്ചയും ഏകദേശം പത്ത് കിലോയിൽ അധികം എംഡിഎംഎ പാക്ക് ചെയ്ത് കേരളത്തിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും വിൽപന നടത്തിയിരുന്നതായി ചോദ്യം ചെയ്യലിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു. ഡൽഹിയിൽ നിന്നും സെക്കൻഹാൻഡ് കാറുകൾ വാങ്ങി കേരളത്തിലേക്ക് കൊണ്ടുവരുന്ന സമയത്ത് ലഹരി മരുന്ന് രഹസ്യമായി കാറുകളിൽ കയറ്റിയാണ് കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും എത്തിച്ചിരുന്നത്.

മലപ്പുറം ജില്ലയിൽ കഴിഞ്ഞ മാസം പിടികൂടിയ 13 കിലോ എംഡിഎംഎ ഇവരാണ് കൊടുത്തു വിട്ടതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ നാല് മാസത്തിനിടെ അഞ്ച് കോടിയിൽപരം രൂപയുടെ ഇടപാടുകൾ നടത്തിയതായി വ്യക്തമായിട്ടുണ്ട്. അജ്മലിന് മലപ്പുറത്തും കേസുകൾ നിലവിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *