വീട്ടിൽ കച്ചവടത്തിനായി സൂക്ഷിച്ച എംഡിഎംഎ ‌പിടിച്ചു; 3 പേർ അറസ്റ്റിൽ

തേ‍ഞ്ഞിപ്പലം∙ കാലിക്കറ്റ് സർവകലാശാലയ്ക്കു സമീപം ചേലേമ്പ്ര പൈങ്ങോട്ടൂർ വളക്കാഞ്ചേരിയിലെ വീട്ടിൽനിന്ന് 1.16 കിലോഗ്രാം എംഡിഎംഎ തേഞ്ഞിപ്പലം പൊലീസും ഡാൻസാഫ് സംഘവും ചേർന്നു പിടിച്ചെടുത്തു. വീട്ടുടമ വളക്കാഞ്ചേരി പെരിഞ്ചീരിക്കര വീട്ടിൽ അസീസ് (53), ഭാര്യ കമറുന്നീസ (50), പൈങ്ങോട്ടൂർ കാളാത്ത് വീട്ടിൽ സലാഹുദ്ദീൻ (39) എന്നിവരെ അറസ്റ്റ് ചെയ്തു. അസീസിന്റെ മകൻ ജാസിർ ഒളിവിലാണ്. പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് ഒരുകോടി രൂപ വിലവരുമെന്നു പൊലീസ് അറിയിച്ചു.

21 ലക്ഷം രൂപയും അഞ്ച് ഇലക്ട്രിക് ത്രാസുകളും വോക്കി ടോക്കി, ഗ്യാസ് ബർണർ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. ജാസിറും കുടുംബവും സർവകലാശാലാ പരിസരം കേന്ദ്രീകരിച്ചു രാസ ലഹരിവസ്തു വിൽപന നടത്തുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പരപ്പനങ്ങാടി ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അസീസിനെയും സലാഹുദ്ദീനെയും തവനൂ‍ർ‍ ജയിലിലും കമറുന്നീസയെ മഞ്ചേരി ജില്ലാ ജയിലിലുമാണ് റിമാ‍ൻഡ് ചെയ്തത്. 50 ദിവസത്തിനിടെ തേഞ്ഞിപ്പലം പൊലീസ് പിടികൂടുന്ന രണ്ടാമത്തെ വൻ എംഡിഎംഎ ശേഖരമാണിത്. ഡിസംബറിൽ പെരുവള്ളൂർ പറമ്പിൽപീടിക കാക്കത്തടത്തിൽനിന്ന് 239.14 ഗ്രാം എംഡിഎംഎയുമായി 4 പേരെ അറസ്റ്റ് ചെയ്തിരുന്നു. ആ കേസിൽ പിന്നീട് 3 പേരെ കൂടി അറസ്റ്റ് ചെയ്തു.

അറസ്റ്റിലായ അസീസിന്റെ ഒളിവിലുള്ള മകൻ ജാസിർ കോഴിക്കോട്, മലപ്പുറം ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ എംഡിഎംഎ ചില്ലറ വിൽപനക്കാർക്ക് നൽകുന്ന ഏജന്റ് ആണെന്നു പൊലീസ് പറഞ്ഞു. ഇയാൾക്കായി പൊലീസ് അന്വേഷണം വ്യാപകമാക്കി. അസീസിന്റെ വീട്ടിൽ പൊലീസിനെ കണ്ട് ഓടിക്കളയാൻ ശ്രമിച്ച സലാഹുദ്ദീനെ പൊലീസുകാർ പിന്തുടർന്ന് പിടികൂടുകയായിരുന്നു. വീട്ടിൽ പൊലീസെത്തിയത് അറിഞ്ഞ ജാസിർ പറഞ്ഞയച്ചതായിരുന്നു സലാഹുദ്ദീനെ. ഇയാൾ എത്തിയ ബൈക്കും പൊലീസ് പിടിച്ചെടുത്തു.

ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥിന്റെ നിർദേശപ്രകാരം കൊണ്ടോട്ടി എഎസ്പി കാർത്തിക് ബാലശങ്കർ, നർകോട്ടിക് ഡിവൈഎസ്പി എൻ.ഒ.സിബി, തേഞ്ഞിപ്പലം ഇൻസ്പെക്ടർ അബ്ദുൽ ജലീൽ കറുത്തേടത്ത്, എസ്ഐമാരായ എം.എസ്.സത്യജിത്ത്, ജസ്റ്റിൻ എന്നിവരാണ് പരിശോധന നടത്തിയത്. ഡാൻ‍സാഫ് അംഗങ്ങളായ പി. സഞ്ജീവ്, രതീഷ്, മുസ്തഫ, സബീഷ്, സുബ്രഹ്മണ്യൻ‍, അഭിലാഷ്, തേഞ്ഞിപ്പലം സ്റ്റേഷനിൽനിന്നുള്ള എസ്ഐ സജീവ്, എഎസ്ഐ ഗീത, എസ്‌സിപിഒ സംഗീത, അജിത്, അബ്ദുല്ല, ബാബു, ഋഷികേശ്, അമർനാഥ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *