മലപ്പുറം: ആമസോൺ നദിയെ അനുസ്മരിപ്പിക്കും വിധം, ചാലിയാർ പുഴ വളഞ്ഞൊഴുകുന്ന അതിമനോഹരമായ കാഴ്ച! ഹരിതാഭമായ മലനിരകളും ശാന്തമായ അന്തരീക്ഷവും കൂടി ഒത്തുചേർന്നതോടെ എടവണ്ണയിലെ ‘ആമസോൺ വ്യൂപോയിന്റ്’ ചുരുങ്ങിയ കാലം കൊണ്ട് സഞ്ചാരികളുടെ പ്രിയയിടമായി മാറിയിട്ടുണ്ട്. സമുദ്രനിരപ്പിൽ നിന്നും ഏറെ ഉയരത്തിലുള്ള ഈപ്രദേശത്ത് നിൽക്കുമ്പോൾ മേഘങ്ങൾ തൊട്ടുമുന്നിലൂടെ കടന്നുപോകുന്ന അപൂർവ്വമായൊരു അനുഭൂതിയാണ് സഞ്ചാരികൾക്ക് ലഭിക്കുക. പ്രത്യേകിച്ച് അതിരാവിലെയും വൈകിട്ടും എത്തുന്നവർക്ക് മനംകുളിർപ്പിക്കുന്ന കാഴ്ചകളാണ് ഈ വ്യൂപോയിന്റ് സമ്മാനിക്കുന്നത്. മലനിരകളെ മൂടുന്ന കോടമഞ്ഞും, അസ്തമയസൂര്യന്റെ ചുവപ്പ് രാശിയും, താഴെ പച്ചപ്പിന് നടുവിലൂടെ ഒഴുകുന്ന ചാലിയാറും ചേരുമ്പോൾ സഞ്ചാരികൾക്ക് അതൊരു മറക്കാനാവാത്ത കാഴ്ചയായി മാറുന്നു. ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവരെയും റീൽസ് പ്രേമികൾക്കും ഒട്ടുംനിരാശരാക്കില്ല ഇവിടം.
എങ്ങനെ എത്തിച്ചേരാം
കിഴക്കേ ചാത്തല്ലൂരിലെ മൂന്നുകല്ല് മലയിലാണ് ആമസോൺ വ്യൂപോയിന്റ്. എടവണ്ണ ടൗണിൽ നിന്ന് സീതിഹാജി പാലം കടന്ന് കിഴക്കെ ചാത്തല്ലൂരിലെത്താം. അവിടെ നിന്ന് ചെരപ്പറമ്പിൽ വലത്തോട്ടുള്ള സ്വകാര്യ റബ്ബർ തോട്ടത്തിനിടയിലൂടെയുള്ള കോൺക്രീറ്റ് റോഡിലൂടെ ഒന്നര കിലോമീറ്റർ പോയാൽ മലമുകളിലെത്താം.
കാഴ്ചയിൽ മതിമറക്കരുത്
- സുരക്ഷയുടെ കാര്യത്തിൽ സഞ്ചാരികൾ അതീവ ജാഗ്രത പുലർത്തണമെന്ന് അധികൃതരും പ്രദേശവാസികളും ഓർമ്മിപ്പിക്കുന്നു.
- മലമുകളിൽ വ്യൂപോയിന്റിനോട് ചേർന്ന ഭാഗങ്ങളിൽ കൊക്കകളുണ്ട്. അരികുകളിലേക്ക് അമിതമായി അടുത്തു നിൽക്കരുത്.
- അപകടകരമായ രീതിയിൽ സെൽഫിയെടുക്കാൻ ശ്രമിക്കരുത്.
- ഇവിടേക്കുള്ള ചില വഴികൾ കുത്തനെയുള്ള കയറ്റങ്ങളും വളവുകളും നിറഞ്ഞതാണ്. അതിനാൽ വാഹനങ്ങൾ ഓടിക്കുമ്പോൾ അതീവശ്രദ്ധ പുലർത്തണം.
- നേരം ഇരുട്ടിയതിനു ശേഷം അപകടസാദ്ധ്യത കൂടുമെന്നതിനാൽ വൈകുന്നേരത്തോടെ കാഴ്ചകൾ കണ്ട് മടങ്ങുന്നതാണ് സുരക്ഷിതം.