തിരുവനന്തപുരം: സി.എം.ആര്‍.എല്‍-എക്‌സാലോജിക്ക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍, മകള്‍ ടി. വീണ, മരുമകനും മുന്‍മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് എം.എല്‍.എ. എന്നിവര്‍ക്കെതിരേ അഴിമതി നിരോധനനിയമപ്രകാരം അന്വേഷണം നടത്താമെന്നു സംസ്ഥാനസര്‍ക്കാരിന് നിയമോപദേശം.
ഇ.ഡി. സംസ്ഥാന പോലീസ് മേധാവിക്കു കൈമാറിയ 25 പേജ് റിപ്പോര്‍ട്ടിലെ ശിപാര്‍ശ സംബന്ധിച്ചാണ് അഡ്വക്കേറ്റ് ജനറല്‍ (എ.ജി) ആഭ്യന്തരവകുപ്പിനു രേഖാമൂലം നിയമോപദേശം നല്‍കിയത്. മുഖ്യമന്ത്രിയായിരിക്കേ പിണറായി വിജയന്‍ സി.എം.ആര്‍.എല്‍. കമ്പനിക്ക് വഴിവിട്ട സഹായങ്ങള്‍ നല്‍കിയതിനു പ്രതിഫലമായി മകള്‍ വീണയുടെ എക്‌സാലോജിക്ക് കമ്പനി മുഖേന കോടികള്‍ കൈക്കൂലി വാങ്ങിയെന്ന ഗുരുതര ആരോപണമാണ് ഇ.ഡിയുടെ റിപ്പോര്‍ട്ടിലുള്ളത്. ഇതില്‍ കഴമ്പുണ്ടെന്നും പുതിയ തെളിവുകളുടെയും രേഖകളുടെയും വെളിച്ചത്തില്‍ സര്‍ക്കാരിന് നിയമാനുസൃതം അന്വേഷണവുമായി മുന്നോട്ടുപോകാന്‍ തടസമില്ലെന്നും എ.ജി. വ്യക്തമാക്കി. സി.എം.ആര്‍.എല്‍-എക്‌സാലോജിക്ക് ഇടപാടിനു പുറമേ, കോടികളുടെ ബിനാമി സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങളും ഇ.ഡി. കൈമാറിയിട്ടുണ്ട്.
പ്രാഥമികവിവരശേഖരണത്തിനുശേഷം ഏതുതരം അന്വേഷണമാണ് വേണ്ടതെന്നു തീരുമാനിക്കാനുള്ള പൂര്‍ണാധികാരം വിജിലന്‍സിനു വിട്ടുനല്‍കണമെന്നും എ.ജി. നിര്‍ദേശിച്ചു. സുപ്രീം കോടതി വിധികളടക്കം ഉദ്ധരിച്ചാണ് എ.ജിയുടെ നിയമോപദേശം. സംസ്ഥാന പോലീസ് മേധാവിയുടെ അഭിപ്രായവും നിയമോപദേശത്തില്‍ ചേര്‍ത്തിട്ടുണ്ട്.
പിണറായിക്ക് കുരുക്ക്; അന്വേഷണത്തിന് പച്ചക്കൊടി, അഡ്വക്കേറ്റ് ജനറല്‍ നിയമോപദേശം സമര്‍പ്പിച്ചു