രൂക്ഷമായ ഗതാഗതക്കുരുക്കിനിടെ ടോൾ ബൂത്ത് തുറന്നുനൽകി മന്ത്രി സുരേഷ് ഗോപി

തൃശൂർ: ദേശീയപാത 544-ലെ പാലിയേക്കര ടോൾ പ്ലാസയിൽ ഗതാഗതക്കുരുക്കിൽ അകപ്പെട്ട കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി ടോൾബൂത്ത് തുറന്ന് വാഹനങ്ങൾ കടത്തിവിട്ടു. ഞായറാഴ്ച വൈകീട്ട് 5:45-നായിരുന്നു സംഭവം. തൃശൂരിൽ നിന്ന് എറണാകുളം ഭാഗത്തേക്ക് കാറിൽ പോവുകയായിരുന്നു കേന്ദ്ര മന്ത്രി.

വിയ്യൂർ സെൻട്രൽ ജയിലിൽ പുതിയ സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞ് തിരിച്ചുപോവുകയായിരുന്ന സുരേഷ്‌ഗോപി പാലിയേക്കരയിൽ എത്തിയപ്പോൾ ദേശീയപാതയിൽ വലിയ വാഹനത്തിരക്കുണ്ടായിരുന്നു. ടോൾപ്ലാസയുടെ ഇരുവശങ്ങളിലുമായി രണ്ട് കിലോമീറ്ററിലേറെ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. എമർജൻസി ട്രാക്കിൽ കാർ നിർത്തി ഇറങ്ങിയ സുരേഷ്‌ഗോപിയും പേഴ്സണൽ സ്റ്റാഫും ഗൺമാനും 12 ടോൾബൂത്തുകളും തുറന്ന് വാഹനങ്ങൾ കടത്തിവിടുകയായിരുന്നു. ഏകദേശം 10 മിനിറ്റ് നേരമാണ് ഇരുവശത്തേക്കുള്ള 12 ബൂത്തുകളും സുരേഷ് ഗോപിയും ഉദ്യോഗസ്ഥരും ചേർന്ന് തുറന്നുവിട്ടത്.

ദിവസങ്ങളായി ടോൾപ്ലാസയിൽ രൂക്ഷമായ ഗതാഗതക്കുരുക്കുണ്ട്. വാഹനയാത്രക്കാർ മണിക്കൂറുകളോളം കാത്തു കിടന്ന് വലയുകയാണ്. ആമ്പല്ലൂർ മുതൽ തലോർവരെ ദേശീയപാതയിൽ മിക്കവാറും വാഹനങ്ങളുടെ നീണ്ടനിരയുണ്ട്. എന്നാൽ ടോൾപ്ലാസ അധികൃതരോ പോലീസോ വേണ്ടവിധം ഇടപെടുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *