അന്തരിച്ച പ്രിയനടന് സലിംകുമാറിനെ അനുസ്മരിച്ച് മോഹന്‍ലാല്‍. പ്രേക്ഷകരെ ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒട്ടേറെ കഥാപാത്രങ്ങളെ സമ്മാനിച്ചിട്ടാണ് പ്രിയപ്പെട്ട സലിംകുമാര്‍ വിട വാങ്ങിയതെന്ന് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. സിനിമക്ക് അകത്തും പുറത്തും എന്റെ ഒരു നല്ല സുഹൃത്തുകൂടിയായിരുന്നു സലിംകുമാര്‍. സാമൂഹികവിഷയങ്ങളെ നിരീക്ഷിക്കുകയും, തുറന്ന് അഭിപ്രായപ്രകടനം നടത്തുകയും ചെയ്യുന്ന പൗരബോധം എല്ലാക്കാലത്തും അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
മോഹന്‍ലാലിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ:
പ്രേക്ഷകരെ ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒട്ടേറെ കഥാപാത്രങ്ങളെ സമ്മാനിച്ചിട്ടാണ് പ്രിയപ്പെട്ട സലിംകുമാര്‍ വിട വാങ്ങിയത്. ദേശീയ പുരസ്കാരം വരെ നേടിയ അനുഗ്രഹതീനായ കലാകാരന്. മറ്റുള്ളവരെ സഹായിക്കുകയും, അവരെ സഹോദരതുല്യം ചേര്‍ത്തുപിടിക്കുകയും ചെയ്യുന്ന നിഷ്കളങ്കമായ സ്നേഹത്തിനുടമയായിരുന്നു അദ്ദേഹം. നിരവധി സിനിമകളില്‍ അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ എനിക്ക് സാധിച്ചു. സിനിമക്ക് അകത്തും പുറത്തും എന്റെ ഒരു നല്ല സുഹൃത്തുകൂടിയായിരുന്നു സലിംകുമാര്‍. സാമൂഹികവിഷയങ്ങളെ നിരീക്ഷിക്കുകയും, തുറന്ന് അഭിപ്രായപ്രകടനം നടത്തുകയും ചെയ്യുന്ന പൗരബോധം എല്ലാക്കാലത്തും അദ്ദേഹത്തിനുണ്ടായിരുന്നു. പ്രിയ സുഹൃത്തിന് വേദനയോടെ ആദരാഞ്ജലികള്‍
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കരള്‍ രോഗത്തിന് ചികിത്സയിലിരിക്കെയാണ് അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.
ഹാസ്യകഥാപാത്രങ്ങളിലൂടെ കുടുകുടെ ചിരിപ്പിക്കുകയും ഗൗരവം നിറഞ്ഞ വേഷങ്ങളിലൂടെ കണ്ണീരണിയിക്കുകയും ചെയ്ത ഒരുപിടി കഥാപാത്രങ്ങള്‍ സമ്മാനിച്ച നടനാണ് വിടവാങ്ങുന്നത്. മിമിക്രി വേദികളിലൂടെ സിനിമാലോകത്തേക്കെത്തിയ സലിം കുമാര്‍ ഹാസ്യവും വൈകാരിക രംഗങ്ങളും ഒരുപോലെ തന്മയത്വത്തോടെ കൈകാര്യം ചെയ്ത നടനാണ്. കൊച്ചിന് കലാഭവന്‍ ഉള്‍പ്പെടെയുള്ള വേദികളിലൂടെയാണ് ടെലിവിഷന്‍ രംഗത്തേക്കും പിന്നാലെ സിനിമാമേഖലയിലേക്കുമെത്തിയത്. ‘ഇഷ്ടമാണ് നൂറുവട്ടം’ ആണ് ആദ്യസിനിമ. അന്നുമുതല്‍ ഇന്നുവരെ തമിഴ് ചിത്രങ്ങളിലും ബംഗാളി ചിത്രത്തിലുമുള്‍പ്പെടെ മുന്നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു.