ഒരു മിന്നായം പോലെയാവും പലരും കൂടിനു പുറത്തെ മുയലുകളെ കണ്ടിട്ടുണ്ടാവുക. നമുക്ക് ചുറ്റും മുയലുകള്‍ വന്ന് പൊതിയുന്ന സ്വപ്നം പോലുള്ള അനുഭവം സമ്മാനിക്കുന്ന ഒരു ദ്വീപ് ജപ്പാനിലുണ്ട്. ഈ ദ്വീപു നിറയെ മുയലുകളാണ്. ഇവിടേക്ക് സന്ദര്‍ശകരായെത്തുന്ന മനുഷ്യര്‍ക്ക് അടുത്തേക്ക് നൂറുകണക്കിന് മുയലുകള്‍ തിരപോലെ പാഞ്ഞുവരികയും ആവേശത്തോടെ നിങ്ങള്‍ക്ക് മുകളിലേക്ക് ചാടിക്കയറുകയും ചെയ്യും. ജപ്പാനിലെ റാബിറ്റ് ഐലന്‍ഡ് എന്നറിയപ്പെടുന്ന ഒകുനോഷിമയാണ് മുയലുകളുടെ ഈ അത്ഭുത ലോകം തീര്‍ക്കുന്നത്.
തികച്ചും അസാധാരമായ യാത്രാനുഭവം തേടുന്നവര്‍ക്ക് ഇതിനേക്കാള്‍ മികച്ചൊരു ഇടമില്ല. നൂറുകണക്കിന് മുയലുകളാണ് ഇവിടെ ആരെയും പേടിയില്ലാതെ സ്വതന്ത്രമായി ഓടി നടക്കുന്നത്. ഹോണ്‍ മുഴക്കി പായുന്ന വാഹനങ്ങളോ മനുഷ്യരാല്‍ നിറഞ്ഞ സ്ഥലങ്ങളോ ഒന്നും ഇവിടെയില്ല. ആകെയുള്ളത് പച്ചപ്പ് നിറഞ്ഞ പ്രകൃതിയും കൂട്ടുകൂടാന്‍ കാത്തിരിക്കുന്ന കുറേ കുറുമ്പന് മുയലുകളും മാത്രം. മുയലുകള്‍ക്കൊപ്പം കളിച്ചും ചിരിച്ചും ദിവസം മുഴുവന്‍ ചെലവഴിക്കാന്‍ നിരവധി സഞ്ചാരികളാണ് റാബിറ്റ് ഐലന്‍ഡിലേക്ക് എത്തുന്നത്.
ഹിരോഷിമ തീരത്തു നിന്നും ബോട്ട് മാര്‍ഗം എളുപ്പത്തില്‍ ഇവിടേക്ക് എത്തിച്ചേരാനാവും. വിസ്തീര്‍ണത്തില്‍ ചെറുതെങ്കിലും ഒകുനോഷിമ സഞ്ചാരികളുടെ പ്രിയ ദ്വീപായതിന് പിന്നില്‍ മുയലുകളാണ് കാരണം. സാധാരണ കാട്ടുമുയലുകള്‍ മനുഷ്യരെ കാണുമ്പോള്‍ ഓടിയൊളിക്കാറാണ് പതിവെങ്കില്‍ ഒകുനോഷിമയിലെ മുയലുകള്‍ നേരെ തിരിച്ചാണ്. മനുഷ്യരെ ഒട്ടും ഭയമില്ലാത്ത ഈ മുയലുകള്‍ മനുഷ്യരെ കാണുമ്പോള്‍ തന്നെ അടുത്തേക്ക് ഓടിയെത്തും.
പൊതുവില്‍ ഇവിടേക്കെത്തുന്ന സന്ദര്‍ശകര്‍ മുയലുകള്‍ക്കുള്ള ഭക്ഷണങ്ങളും കരുതാറുണ്ട്. സഞ്ചാരികള്‍ക്കൊപ്പം നടന്ന് അവര്‍ നല്കുന്ന ഭക്ഷണം കഴിക്കുന്ന മുയലുകള്‍ ഇവിടുത്തെ സ്ഥിരം കാഴ്ച്ചയാണ്. മനുഷ്യരെ സ്നേഹം കൊണ്ട് വളഞ്ഞു വീര്‍പ്പുമുട്ടിക്കുന്ന മുയലുകളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ജാപ്പനീസ് ദ്വീപിന്റെ പ്രസിദ്ധി ലോകമെങ്ങും വ്യാപിപ്പിക്കാന്‍ ഈ ദൃശ്യങ്ങള്‍ക്ക് വലിയ പങ്കുണ്ട്.
ഈ മുയല് ദ്വീപിനു പിന്നില്‍ മറഞ്ഞിരിക്കുന്ന യുദ്ധ രഹസ്യങ്ങളുമുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ജാപ്പനീസ് സര്‍ക്കാര്‍ രാസായുധങ്ങള്‍ നിര്‍മിക്കാനായി തിരഞ്ഞെടുത്ത രഹസ്യ കേന്ദ്രമായിരുന്നു ഈ ദ്വീപ്. രണ്ടാം ലോക മഹായുദ്ധകാലത്തും പിന്നീടും ഇവിടെ വലിയ തോതില്‍ വിഷവാതകം ഉത്പാദിപ്പിച്ചിരുന്നു. ഈ വിവരങ്ങള്‍ പുറത്തുപോവാതിരിക്കാന്‍ ജപ്പാന്റെ ഔദ്യോഗിക ഭൂപടത്തില്‍ പോലും ഈ ദ്വീപിനെ ഒഴിവാക്കിയിരുന്നു. ആ ഇരുണ്ട ചരിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ അറിവുകള്‍ ഇവിടെയുള്ള പോയിസണ്‍ ഗ്യാസ് മ്യൂസിയം നല്‍കും.
മുയലുകളും ചരിത്രവും മാത്രമല്ല പ്രകൃതിഭംഗിയും ഒട്ടും കുറവല്ല ഒകുനോഷിമയില്. കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന കടല്‍ത്തീരങ്ങളും ട്രെക്കിങ് പാതകളും ശാന്തമായ ബീച്ചുകളും സൈക്ലിങ് പാതകളുമെല്ലാം ഒകുനോഷിമയിലെ ആകര്‍ഷണങ്ങളാണ്. ശൂന്യതയില്‍ നിന്നും പാഞ്ഞെത്തി കൂടെ കൂടുന്ന മുയലുകള്‍ക്കൊപ്പം പ്രകൃതി ഭംഗി കൂടി ആസ്വദിച്ച് മണിക്കൂറുകള്‍ നടക്കുകയെന്ന ലക്ഷ്യത്തിലാണ് പല സഞ്ചാരികളും ഇവിടേക്ക് എത്തുന്നത്.
മുയലുകളുമായി ഇടപഴകുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സഞ്ചാരികള്‍ മുയലുകള്‍ക്ക് ഭക്ഷണം നല്കുന്നതില് പ്രത്യേകം നിയന്ത്രണങ്ങളും വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളുമുണ്ട്. മുയലുകളെ ഓടിക്കാനോ കയ്യിലെടുക്കാനോ പേടിപ്പിക്കാനോ പാടില്ല. മനുഷ്യരുമായി ഏറെ അടുപ്പം കാണിക്കുമെങ്കിലും കാട്ടുമുയലുകളുടെ വിഭാഗത്തില്‍പെട്ടവ തന്നെയാണ് ഇവിടുത്തെ മുയലുകളെന്ന കാര്യം സഞ്ചാരികള്‍ മറക്കരുതെന്നും അധികൃതര്‍ ഓര്‍മിപ്പിക്കുന്നു. ഒരു മുത്തശ്ശിക്കഥയിലേതു പോലുള്ള അനുഭവം സമ്മാനിക്കുന്ന യാത്ര തേടുന്നവരുടെ പ്രിയ കേന്ദ്രമാണ് ജപ്പാനിലെ മുയല് ദ്വീപുകള്‍ എന്നറിയപ്പെടുന്ന ഒകുനോഷിമ.