കഴിഞ്ഞ കുറച്ചു ആഴ്ചകളായി സോഷ്യൽ മീഡിയയിൽ തനിക്കും കുടുംബത്തിനുമെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങളിലും കുടുംബ വഴക്കുകളിലും പ്രതികരണവുമായി നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അഹാന കൃഷ്ണ. നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങേണ്ടിയിരുന്ന സ്വകാര്യ കുടുംബവിഷയങ്ങൾ പൊതുമധ്യത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടതിൽ കടുത്ത മാനസിക വിഷമമുണ്ടെന്ന് വ്യക്തമാക്കി നീണ്ട കുറിപ്പാണ് താരം പങ്കുവച്ചത്. അമ്മൂമ്മയും കസിനും ഉന്നയിച്ച ഗുരുതര ആരോപണങ്ങൾ പൂർണമായും തള്ളിക്കളഞ്ഞ അഹാന, സത്യം തെളിയിക്കുന്ന ചാറ്റുകളും ഓഡിയോ-വിഡിയോ റെക്കോർഡിങ്ങുകളും തന്റെ പക്കലുണ്ടെന്ന് വ്യക്തമാക്കുന്നു. വ്യാജ പ്രചാരണങ്ങൾ നടത്തിയ കസിനെതിരെ അപകീർത്തിക്കേസ് നൽകാൻ നിയമോപദേശം ലഭിച്ചിട്ടുണ്ടെങ്കിലും കുട്ടികളുടെ ഭാവിയെ കരുതിയും കൂടുതൽ പരസ്യപ്പോരുകൾക്ക് താല്പര്യമില്ലാത്തതിനാലും നിയമനടപടിയിൽ നിന്ന് പിന്തിരിയുകയാണെന്നും താരം അറിയിച്ചു. അമ്മൂമ്മയുമായുള്ള ബന്ധം 2025 ഒക്ടോബർ മുതൽ വഷളായതാണെന്ന് അഹാന വെളിപ്പെടുത്തി. അമ്മൂമ്മയുടെ ഭാഗത്തുനിന്നുണ്ടായ അതിരുകടന്ന അധിക്ഷേപങ്ങളും അശ്ലീല വാക്കുകളുമാണ് ഇതിന് കാരണമെന്നും ബഹുമാനം എന്നത് പരസ്പരമുള്ളതാണെന്നും താരം കൂട്ടിച്ചേർത്തു.
അഹാന കൃഷ്ണയുടെ കുറിപ്പ്:
‘‘കഴിഞ്ഞ കുറച്ചു ആഴ്ചകളായി സോഷ്യൽ മീഡിയയിൽ നടന്ന സംഭവങ്ങൾ എന്നെയും എന്റെ കുടുംബത്തെയും ആഴത്തിൽ വേദനിപ്പിക്കുകയും മാനസികമായി തളർത്തുകയും ചെയ്തു. കുടുംബകാര്യങ്ങൾ സോഷ്യൽ മീഡിയയിലേക്ക് വലിച്ചിഴയ്ക്കേണ്ടതല്ല എന്ന് വിശ്വസിക്കുന്നവരാണ് ഞങ്ങൾ. അതിനാൽ തന്നെ, ഇത് ഞങ്ങളെ എത്രത്തോളം ബാധിച്ചു എന്ന് വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയില്ല. നിർഭാഗ്യവശാൽ, നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങേണ്ടിയിരുന്ന ഒരു വിഷയം പൊതുമധ്യത്തിലെത്തി. വികാരങ്ങൾ തീവ്രമാകുമ്പോൾ, പലപ്പോഴും നമ്മൾ തലച്ചോറു കൊണ്ടല്ല, ഹൃദയം കൊണ്ടാണ് പ്രതികരിക്കുന്നത്. എന്റെ അമ്മ അർഹിക്കാത്ത വിമർശനങ്ങൾ നേരിടുന്നത് കണ്ടപ്പോൾ, പ്രതികരിക്കാൻ ഞാൻ നിർബന്ധിതയാവുകയായിരുന്നു.
ഒരുപക്ഷേ, എനിക്ക് മൗനം പാലിക്കാമായിരുന്നു. എന്നാൽ അങ്ങനെ ചെയ്തിരുന്നെങ്കിൽ, ഒട്ടും ന്യായമല്ലാത്ത ഒരു തെറ്റിദ്ധാരണയുടെ ഭാരം എന്റെ കുടുംബത്തിന് പേറേണ്ടി വരുമായിരുന്നു. സത്യം തുറന്നുപറഞ്ഞ് ഒരു തെറ്റിദ്ധാരണ തിരുത്തുക മാത്രമാണ് ഞാൻ ചെയ്യുന്നതെന്നാണ് അപ്പോൾ ഞാൻ കരുതിയത്. ‘ഞാൻ പറയുന്നതെല്ലാം സത്യമാണെങ്കിൽ, ഇനി എന്താണ് പേടിക്കാൻ?’ എന്നാണ് ഞാൻ എന്നോടു തന്നെ ചോദിച്ചത്. എന്നാൽ ഇതിനു മറുപടിയായി വ്യാജ ആരോപണങ്ങളും അസത്യങ്ങളും കാര്യങ്ങൾ വളച്ചൊടിച്ചുള്ള വിവരണങ്ങളും ഞങ്ങളുടെ സ്വകാര്യ സംഭാഷണങ്ങളും പൊതുമധ്യത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടുമെന്ന് ഞാൻ ഒട്ടും കരുതിയിരുന്നില്ല.
തങ്ങൾ ചെയ്തതും പറഞ്ഞതുമായ കാര്യങ്ങൾ മറച്ചുവയ്ക്കാൻ ചിലർ എത്രത്തോളം അധഃപതിക്കും എന്ന് എനിക്ക് ഊഹിക്കാൻ കഴിഞ്ഞില്ല എന്നതാണ് എനിക്ക് സംഭവിച്ച തെറ്റ്. ചില മനുഷ്യർ തങ്ങളുടെ സ്വന്തം വാക്കുകളെ നേരിടാൻ ധൈര്യമില്ലാത്തവരാണ്. അവർ പുതിയ കഥകൾ ഉണ്ടാക്കി ഇന്റർനെറ്റിൽ പങ്കുവയ്ക്കുന്നു; കാരണം, ഇത്തരം കഥകൾ ആഘോഷിക്കാൻ കാത്തിരിക്കുന്ന ഒരു വലിയ വിഭാഗം ആളുകൾ ഇവിടെയുണ്ടെന്ന് അവർക്കറിയാം. ഇതൊന്നും മുൻകൂട്ടി കാണാൻ കഴിഞ്ഞില്ല എന്നതാണ് എനിക്ക് സംഭവിച്ച വീഴ്ച. ഇതൊക്കെ സംഭവിക്കുമെന്ന് ഉറപ്പായിരുന്നെങ്കിൽ, ഒരുപക്ഷേ ഞാൻ മൗനം തിരഞ്ഞെടുക്കുമായിരുന്നു.
എന്റെ അമ്മൂമ്മയെ നേരിട്ട് അറിയാവുന്നവർക്ക് ഇതൊരു പുതിയ അറിവായിരിക്കില്ല. എങ്കിലും, ഞങ്ങൾ പങ്കുവച്ച കണ്ടന്റുകളിലൂടെ മാത്രം എന്റെ അമ്മൂമ്മയെ അറിയുന്ന നിങ്ങളോട് ചില കാര്യങ്ങൾ വ്യക്തമാക്കേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നു.