ആലപ്പുഴയിലെ ‘രക്ഷാപ്രവര്‍ത്തനം’ എസ്‌ഐടിക്ക് തിരിച്ചടി; 5 ഗണ്‍മാന്‍മാര്‍ക്കും മുന്‍കൂര്‍ ജാമ്യം

ആലപ്പുഴയിലെ ‘രക്ഷാപ്രവര്‍ത്തനത്തില്‍ എസ്‌ഐടിക്ക് തിരിച്ചടി മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി. ഗണ്‍മാന്‍മാര്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചു. അഞ്ച് പ്രതികള്‍ക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.ഐപിസി 308 നിലനില്‍ക്കില്ലെന്ന് കോടതി വ്യകത്മാക്കി.ജാമ്യ ഉത്തരവിന്റെ പകര്‍പ്പ് 24ന് ലഭിച്ചു. ഉപാധികളോടെയാണ് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍ അനില്‍ കല്ലിയൂര്‍, സന്ദീപ് എസ്, വിപിന്‍, അരുണ്‍, ഷൈജു എന്നിവര്‍ക്കാണ് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്.മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുക മാത്രമാണ് ഗണ്‍മാന്‍മാര്‍ ചെയ്തതെന്നും, അത് ഒരു ‘രക്ഷാപ്രവര്‍ത്തന’മാണെന്നും പറഞ്ഞ് മുഖ്യമന്ത്രി ഗണ്‍മാന്‍മാരുടെ നടപടിയെ ന്യായീകരിക്കുകയാണുണ്ടായത്. ഇതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വലിയ പ്രതിഷേധമുയര്‍ത്തി. പൊലീസ് നടപടിയെടുക്കാതിരുന്നതിനെ തുടര്‍ന്ന്, മര്‍ദ്ദനമേറ്റ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കോടതിയെ സമീപിച്ചു. തുടര്‍ന്ന് കോടതി നിര്‍ദ്ദേശപ്രകാരം ഗണ്‍മാന്‍മാര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയില്‍ വെച്ച് കരിങ്കൊടി കാണിച്ച പ്രവര്‍ത്തകരെ ഗണ്‍മാന്‍മാരായ അനില്‍ കുമാറും സന്ദീപ് എസും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. 2023 ഡിസംബറിലാണ് സംഭവമുണ്ടായത്. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തില്‍ നിന്നിറങ്ങിവന്നാണ് ഗണ്‍മാന്‍മാര്‍ പ്രതിഷേധക്കാരെ മര്‍ദ്ദിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *