തഹസില്‍ദാറുടെ വീട്ടിലെ പരിശോധനയില്‍ കണ്ടത് നോട്ടുകെട്ടുകളും സ്വര്‍ണവും വജ്രങ്ങളും, പിടിച്ചെടുത്തത് കോടികളുടെ സമ്പാദ്യം

ഹൈദരാബാദ്: കൈക്കൂലിക്കേസില്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന തഹസില്‍ദാറുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് പണവും സ്വര്‍ണവും ഉള്‍പ്പെടെ കോടികളുടെ സ്വത്തുക്കള്‍. ഹൈദരാബാദിലെ ഷാമിര്‍പേട്ട തസഹില്‍ദാര്‍ തുമ്മക്കൊമ്മ സുചരിതയുടെയും ബന്ധുക്കളുടെയും ഫ്‌ളാറ്റുകളിലും വീടുകളിലും നടത്തിയ പരിശോധനയിലാണ് അഞ്ചുകോടിയിലേറെ രൂപയുടെ സ്വത്തുക്കള്‍ പിടിച്ചെടുത്തത്. മുപ്പതുലക്ഷം രൂപ കൈക്കൂലി വാങ്ങിയകേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ് സുചരിത ഇപ്പോള്‍. ഈ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്.
സിദ്ദിപേട്ടിലെ 2.17ഏക്കര്‍ കൃഷിഭൂമി,ഹൈദരാബാദില്‍ മൂന്ന് ഫ്‌ളാറ്റുകള്‍, രണ്ട് ഹൗസ് പ്ലോട്ടുകള്‍, വിലകൂടിയ രണ്ട് കാറുകള്‍, 1.2 കോടിയുടെ സ്വര്‍ണവും വജ്രവും, 12 ലക്ഷം രൂപയുടെ കറന്‍സി നോട്ടുകള്‍, മുപ്പത്തെട്ടുലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപങ്ങള്‍ എന്നിവയാണ് പരിശോധനയില്‍ കണ്ടെത്തിയത്. ആസ്തിയുടെ വിപണിമൂല്യം ഇതിലും കൂടുതലായിരിക്കും എന്നാണ് അധികൃതര്‍ പറയുന്നത്. പരിശോധനയില്‍ കണ്ടെത്തിയത് തനിക്ക് ലഭിച്ച പൂര്‍വിക സ്വത്തുക്കളാണെന്നാണ് സുചരിത പറയുന്നത്. എന്നാല്‍ ഇത് വ്യക്തമാക്കുന്ന രേഖകളൊന്നും അവര്‍ക്ക് ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നാണ് റിപ്പാേര്‍ട്ട്. സര്‍വീസില്‍ ഉണ്ടായിരുന്ന കാലത്ത് ഇവരെക്കുറിച്ച് നിരവധി പരാതികളാണ് ലഭിച്ചിരുന്നത്. അക്കാലത്ത് തെറ്റായ മാര്‍ഗത്തിലൂടെ സമ്പാദിച്ചതാകാം ഇവയെന്നാണ് കരുതുന്നത്.
ഇവരുടെ ആസ്തികള്‍ സംബന്ധിച്ച് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബിനാമി ഇടപാടുകളും ഉണ്ടെന്നാണ് കരുതുന്നത്. അനധികൃത സ്വത്തുസമ്പാദനത്തിനും സുചരിതക്കെതിരെ കേസെടുത്തിട്ടുണ്ട്.

 

 

Leave a Reply

Your email address will not be published. Required fields are marked *