മെക്സിക്കോ സിറ്റി: ലോകത്ത് ഏറ്റവും വലിയ മെക്സിക്കന്‍ തിരയുണ്ടായത് ഫുട്ബോളിലല്ല, മെക്സിക്കോയിലുമല്ല. അത് അമേരിക്കയിലെ ടെന്നസിയില്‍ 2008-ല്‍ നടന്ന നാസ്കാര്‍ കപ്പ് റേസിങ്ങിനിടെയാണ്-1,57,574 പേരുടെ തിര! രണ്ടുദിവസംമുന്നേ മെക്സിക്കോ സിറ്റിയിലെ പാസിയോ ഡി ലാ റെഫോര്‍മയില്‍ ആളാഴിയില്നിന്നൊരു ആവേശത്തിരയുയര്‍ന്നു. ലോകത്തെ വലിയ മെക്സിക്കന്തിര മെക്സിയുടെ പേരിലാക്കാന്‍ ആ നാട്ടുകാര്‍ അവരുടെ സ്വന്തം പച്ച ജേഴ്സിയണിഞ്ഞ്, കൈകള്‍ ആകാശത്തേക്കുയര്‍ത്തി നിവര്‍ന്നു. ലോകകപ്പിനെ അവര്‍ വരവേല്‍ക്കുകയായിരുന്നു. ഗിന്നസ് ലോകറെക്കോഡുകാര്‍ ആ തിരയെണ്ണിക്കൊണ്ടിരിക്കയാണ്.
കിലോമീറ്ററുകള്‍ക്കപ്പുറത്ത് ആസ്റ്റേക്ക് സ്റ്റേഡിയത്തോളം ആ അലയെത്തി. സമുദ്രനിരപ്പില്‍നിന്ന് 7200 അടി ഉയരത്തിലുള്ള ഫുട്ബോള്‍ സ്റ്റേഡിയമിപ്പോള്‍ മെക്സിക്കോ സിറ്റി സ്റ്റേഡിയമെന്ന ഔദ്യോഗികനാമത്തില്‍ ജ്ഞാനസ്നാനംചെയ്തിരിക്കുന്നു. ലോകത്തെ ഏറ്റവും ഉയരത്തിലുള്ള സ്റ്റേഡിയങ്ങളിലൊന്നായ ആസ്റ്റെക്കില് വെള്ളിയാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സമയം 12.30-ന് ഈ ഫുട്ബോള്‍ ലോകകപ്പില്‍ ആദ്യമായി പന്ത് കാല്‍തൊടും. ആസ്റ്റേക്കിലെ പുല്നാമ്പുകളില് ലോകഫുട്ബോളിന്റെ ചരിത്രം പച്ചയോടൊട്ടി നില്ക്കുന്നു. ഫുട്ബോളില്‍ പെലെയുടെ രാജവാഴ്ച ഈ മണ്ണിലായിരുന്നു. 1970-ലെ ലോകകപ്പ് ഫൈനലില്‍ ഇറ്റലിക്കെതിരേ ബ്രസീല്‍ 4-1ന്റെ ജയം നേടിയപ്പോള്‍ അതിലെ ആദ്യഗോള്‍ പെലെയുടേതായിരുന്നു. പെലെയുടെ അവസാന ലോകകപ്പ് മത്സരവുമായിരുന്നു അത്. ലോകകിരീടവുമായി നിന്ന പെലെയെ മെക്സിക്കന്‍ തിരമാലപോലെ ഇരമ്പിയാര്‍ത്തുവന്ന ആരാധകര്‍ തോളിലേറ്റി നൃത്തംചെയ്തു. മൂന്ന് ലോകകപ്പ് നേടുന്ന ഒരേയൊരു കളിക്കാരനായി പെലെ മാറിയതും ഇവിടെത്തന്നെ. മാറഡോണ ചെകുത്താനും ദൈവവുമായി മാറിയതും അര്‍ജന്റീന 1986-ല്‍ ലോകകപ്പ് നേടിയതും ഇതേ ആസ്റ്റേക്കിലാണ്. അതേ ലോകകപ്പില്‍ അതേ ആസ്റ്റേക്കിലാണ് മാറഡോണയുടെ ‘ദൈവത്തിന്റെ കൈ’ ഒപ്പിട്ടതും ‘നൂറ്റാണ്ടിന്റെ ഗോള്‍’ പിറന്നതും.
മെക്സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഉദ്ഘാടനമത്സരത്തിന് വ്യാഴാഴ്ച ഈ ലോകകപ്പിന് പന്തുരുണ്ടുതുടങ്ങുമ്പോള്‍ മൂന്ന് ലോകകപ്പുകള്‍ക്ക് വേദിയാകുന്ന ലോകത്തിലെ ആദ്യ സ്റ്റേഡിയമെന്ന ചരിത്രനേട്ടമാണ് ആസ്റ്റെക്കിന് സ്വന്തമാവുക. അതിനും 90 മിനിറ്റുമുന്പ് ഉദ്ഘാടനച്ചടങ്ങില്‍ കൊളംബിയന്‍ പോപ് ഗായിക ഷക്കീറയും നൈജീരിയന്‍ ഗായകന് ബര്‍ണാ ബോയും ചേര്‍ന്ന് ഈ ലോകകപ്പിന്റെ ഗാനമായ ‘ഡായ്, ഡായ്’ പെര്‍ഫോം ചെയ്യും. ‘കം ഓണ്‍’ എന്നാണ് ഈ ഇറ്റാലിയന്‍ പ്രയോഗത്തിനര്‍ഥം. അലക്സാണ്ട്രോ ഫെര്‍ണാണ്ടസ്, ടെയ്ലാ, ബെലിന്‍ഡ, ഡാനി ഓഷ്യന്‍, ജെ. ബാല്‍വിന്‍, ലിലാ ഡൗണ്‍സ്, ലോസ് ആഞ്ജലിസ് അസ്യൂള്സ്, മാന എന്നീ സംഗീതജ്ഞരും ഉദ്ഘാടനച്ചടങ്ങിന്റെ ഭാഗമാകും. മെക്സിക്കന്‍ പരമ്പരാഗത കലാരൂപമായ ‘പാപ്പെല്‍ പിക്കാഡോ’യുടെ ആഘോഷമായിരിക്കും ഉദ്ഘാടനച്ചടങ്ങിന്റെ തീം എന്നാണ് സൂചന. നിറങ്ങള്‍ ചാര്‍ത്തിയ ടിഷ്യു കടലാസുകളില്‍ തീര്‍ക്കുന്ന വൈവിധ്യമാര്‍ന്ന ഡിസൈനുകളാണ് ഇതിന്റെ പ്രത്യേകത.
ലോകകപ്പിന്റെ ഉദ്ഘാടനച്ചടങ്ങിനായി മെക്സിക്കോ സിറ്റിക്ക് വ്യാഴാഴ്ച പൊതുഅവധി പ്രഖ്യാപിച്ചിരിക്കയാണ്. കനത്ത സുരക്ഷയിലാണ് ലോകകപ്പിന്റെ ഉദ്ഘാടന മത്സരങ്ങള്‍ നടക്കുക.
ലോലീപോപ്പ് ‘ഗ്രാസ്യസ്’
മഴ പെയ്തൊഴിഞ്ഞ നഗരത്തിലേക്കാണ് വിമാനമിറങ്ങിയത്. കുന്നുകളും പച്ചപ്പുമായി നാടിനെ ഓര്‍മ്മിപ്പിക്കുന്ന ഭൂപ്രകൃതി. മെക്സിക്കോ സിറ്റിയിലെ ബെനിറ്റൊ യുവാരസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെങ്ങും ലോകകപ്പിന്റെ സ്വാഗതം തിളങ്ങുന്നു. വലിയൊരു ട്രയോണ്ട പന്തും ലോകകപ്പിന്റെ കൂറ്റന്‍ മാതൃകയും കയറിവരുന്നിടത്തുതന്നെയുണ്ട്. പ്ലക്കാഡു പിടിച്ച് ഫുട്ബോള്‍ അതിഥികളേയും പ്രതീക്ഷിച്ച് സീഞ്ഞ്യാര്മാര് ഭവ്യതയോടെ നില്ക്കുന്നു. കളികാരണം നല്ല തിരക്കുണ്ട്. കൃത്യമായ ആളും വിന്യാസവുമുള്ളതിനാല് കാര്യങ്ങള്‍ കൃത്യതയോടെ നടക്കുന്നു.
ഇമിഗ്രേഷനില്‍ ഫുട്ബോള്‍ എന്ന പാസ്വേഡ് മാത്രം മതിയായിരുന്നു സ്റ്റാമ്പു പതിയാന്‍. ഇത്രയും ദൂരത്തു നിന്നോ എന്ന അദ്ഭുതം മാത്രം. മെക്സിക്കോക്കാര്‍ വിനയമുള്ളവരാണ്. കര്‍ശന ഭാവമേയില്ല.
ലോകകപ്പിന്റെ വെളിച്ചത്തില്‍ ഇംഗ്ലീഷ് പറയുന്നവരെ ഇമിഗ്രേഷനില്‍ ഇരുത്തിയിട്ടുണ്ട്. എന്നുപറഞ്ഞാല്‍ യെസ് നൊ ഇംഗ്ലീഷ്. ഗേറ്റ് 3 എക്സിറ്റിലേക്കു കടക്കാന്‍ കൈയുംകലാശവും കാണിക്കേണ്ടി വന്നു. സ്പാനിഷ് അറിഞ്ഞില്ലെങ്കില്‍ നഗരത്തില്‍ പെട്ടുപോവും.
കോഴിക്കോട്ടുകാരന് അശ്വജിത്തും കൂട്ടുകാരും പുറത്ത് കാത്തുനിന്നു. ടി.സി.എസില്‍ ജോലിചെയ്യുന്ന ചെറുപ്പക്കാര്‍. നഗരത്തില്‍ മലയാളികള്‍ കുറവാണ്.
മെക്സിക്കോ നഗരം അതിബൃഹത്താണ്. മെട്രൊ ബസ് സംവിധാനവും മെട്രൊ തീവണ്ടിയും ഉബറും മറ്റും ഗതാഗതം സുഗമമാക്കുന്നു. നഗരത്തിലെമ്പാടും കാക്കിയിട്ട ആയുധധാരികളായ സായുധസംഘം കാവലുണ്ട്. യന്ത്രത്തോക്കു ധരിച്ചവരില്‍ പകുതിയും പെണ്‍കുട്ടികളാണ്. ഇറാന്ടീമിന് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
നഗരത്തിലെ പ്രധാന പ്രദേശങ്ങളായ റിഫോര്‍മ, കൊയാക്കന്, സൊക്കാലൊ എന്നിവിടങ്ങളിലെല്ലാം ആഘോഷത്തിന്റെ തമ്പുകള്‍ ഉയര്‍ന്നുകഴിഞ്ഞു. പാട്ടും നൃത്തവും ആഘോഷവും. ഇതിനിടെ, സമരവുമായി അധ്യാപകര്‍ തെരുവിലിറങ്ങിയിരിക്കുകയാണ്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ‘ഒറ്റപ്പന്തുമുരുളില്ല’ എന്ന മുദ്രാവാക്യവുമായി റോഡുകള്‍ തടയാന്‍ ഒരുങ്ങുകയാണവര്‍. ദീര്‍ഘകാലത്തെ ആവശ്യങ്ങള്‍ക്കായി നടത്തുന്ന സമരം സന്ദര്‍ഭത്തില്‍ കൊഴുപ്പിച്ച് സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കുകയാണ് ലക്ഷ്യം. രാജ്യത്തെ ആദ്യ വനിതാ പ്രസിഡന്റും ആ സ്ഥാനംവഹിക്കുന്ന ആദ്യ ജൂതവനിതയുമായ ക്ലോഡിയാ ഷെയിന്‍ബോം അധ്യാപകരോട് കുരുത്തക്കേടു കാട്ടി നാടിനെ നാണംകെടുത്താതെ സ്ഥലംവിടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
താമസ്ഥലത്തു കൊണ്ടാക്കിയ ഉബര്‍ ഡ്രൈവര്‍ പിന്നാലെ ഓടിവന്ന് ‘ഗ്രാസ്യസ്’ (സ്പാനിഷ് ഭാഷയില്‍ നന്ദി) പറഞ്ഞ് ഒരോ ലോലീപോപ്പു തന്നു. ആതിഥേയത്വത്തിന്റെ ആദ്യ മധുരം.