ന്യൂഡൽഹി: പ്രതിപക്ഷ ബഹളത്തിൽ പരീക്ഷാ ഭേദഗതി ബിൽ മുങ്ങിയതോടെ ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു. അതീവ ഗൗരവമുള്ള ബില്ലിനെക്കുറിച്ചാണ് ചർച്ചചെയ്യുന്നതെന്നും പ്രതിപക്ഷ നടപടി സങ്കടകരമാണെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു ലോക്‌സഭയിൽ പറഞ്ഞു. ഇന്ന് രാവിലെയാണ് പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടയിൽ പരീക്ഷ ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചത്.
വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്‌താവന ആവശ്യപ്പെട്ടാണ് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത്. സ്‌പീക്കർ ഓംബിർള വിലക്കിയിട്ടും പ്രതിഷേധം അവസാനിപ്പിക്കാൻ പ്രതിപക്ഷം തയ്യാറായില്ല. രാവിലെയുണ്ടായ പ്രതിഷേധത്തെ തുടർന്ന് പാർലമെന്റ് നടപടികൾ താൽക്കാലികമായി നിർത്തിവച്ചിരുന്നു. വൈകുന്നേരം അഞ്ച് മണിയോടെ വീണ്ടും ബിൽ സംബന്ധിച്ച ചർച്ചകൾ ആരംഭിക്കാൻ തുടങ്ങിയപ്പോൾതന്നെ പ്രതിപക്ഷം ബഹളം കൂട്ടുകയായിരുന്നു.