ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിലുയർന്ന വിദ്യാർഥി പ്രക്ഷോഭത്തിൽ, എസ്എഫ്ഐ അടക്കമുള്ള ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകൾക്കെതിരെ ആരോപണവുമായി ആർഎസ്എസ് മുഖപത്രമായ ‘ഓർഗനൈസർ’. യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നിൽ വിദേശ ഫണ്ടിംഗും ചൈനീസ് ഇടപെടലുമെന്നാണ് ‘ഓർഗനൈസർ’ ആരോപിക്കുന്നത്.
ചൈനയിൽ നിന്നും പാക്കിസ്ഥാനിൽ നിന്നും വിദേശ ഫണ്ടുകൾ സ്വീകരിച്ചാണ് എസ്എഫ്ഐ അടക്കമുള്ള ഇടതുപക്ഷ വിദ്യാർഥി പ്രസ്ഥാനങ്ങൾ സമരത്തിൽ പങ്കെടുത്തതെന്നും ഓർഗനൈസർ ആരോപിക്കുന്നു. ഡൽഹിയിലുണ്ടായ സമരം ഇന്ത്യ വിരുദ്ധവും തീവ്ര ഇടത് ചിന്താഗതിക്കാർ നിയന്ത്രിക്കുന്നതുമായ ഒരു നീക്കമാണെന്ന് ലേഖനം വിശേഷിപ്പിക്കുന്നു. ജന്തർ മന്തറിലെ വൻ സമര പന്തലുകൾ, ലോജിസ്റ്റിക്സ് സൗകര്യങ്ങൾ, മാധ്യമ പ്രചാരണങ്ങൾ എന്നിവയ്ക്ക് ആവശ്യമായ പണം എവിടെ നിന്നാണ് വരുന്നതെന്ന് ഓർഗനൈസർ ചോദ്യമുയർത്തുന്നു.
ഇടത് വിദ്യാർത്ഥി സംഘടനകളായ എസ്എഫ്ഐ, എഐഎസ്എഫ് , ഐസ എന്നിവയിലെ ചില പ്രവർത്തകർ ചൈനീസ് എംബസിയുമായി ബന്ധപ്പെട്ട പരിപാടികളിൽ പങ്കെടുത്തതായും ആശയവിനിമയം നടത്തിയതായും റിപ്പോർട്ടിൽ പറയുന്നു. ഈ എംബസി ബന്ധങ്ങളിലൂടെ ബെയ്ജിങ്ങിൽ നിന്നുള്ള സാമ്പത്തിക സഹായവും മറ്റ് ആനുകൂല്യങ്ങളും സമരത്തിനായി ലഭിക്കുന്നുണ്ടെന്നാണ് ഓർഗനൈസറിന്റെ ആക്ഷേപം. ഈ ചൈനീസ് എംബസി ഇടപെടലുകൾക്കും സമര ഫണ്ടിംഗിനും പിന്നിലെ യഥാർത്ഥ വസ്തുതകൾ പുറത്തുകൊണ്ടുവരാൻ ഔദ്യോഗികമായ അന്വേഷണം വേണമെന്നും ലേഖനം ആവശ്യപ്പെടുന്നു.
ജന്തർ മന്തറിലെ സമരങ്ങൾക്ക് അനുകൂലമായി ലണ്ടനിൽ എസ്എഫ്ഐ സംഘടിപ്പിച്ച കൂട്ടായ്മയിൽ ഗ്രെറ്റ തുംബെർഗ് പങ്കെടുത്തതതിനെയും ലേഖനം വിമർശിക്കുന്നു. മുൻപ് കർഷക സമരത്തെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധാകേന്ദ്രമാക്കാൻ ഉപയോഗിച്ച അതേ തന്ത്രങ്ങൾ തന്നെയാണ് വിദേശ ശക്തികൾ ഇവിടെയും പുറത്തെടുക്കുന്നതെന്ന് ഓർഗനൈസർ കുറ്റപ്പെടുത്തുന്നു.
ഇന്ത്യയുടെ ആഭ്യന്തര വിദ്യാഭ്യാസ വിഷയങ്ങളെയും വിദ്യാർഥി പ്രക്ഷോഭങ്ങളെയും മുൻനിർത്തി രാജ്യത്തെ അന്താരാഷ്ട്ര തലത്തിൽ അപകീർത്തിപ്പെടുത്താൻ ആസൂത്രിത ശ്രമം നടക്കുന്നുണ്ടെന്നാണ് ലേഖനത്തിലെ ആക്ഷേപം.