ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങൾ പിൻവലിച്ചതിന് പിന്നാലെയും വിവിധ സംസ്ഥാനങ്ങളിൽ വിദ്യാർത്ഥികളെയും മറ്റ് പ്രക്ഷോഭകരെയും പൊലീസ് അറസ്റ്റ് ചെയ്യുന്നതായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി). അസം, പശ്ചിമ ബംഗാൾ, ബീഹാർ എന്നിവിടങ്ങളിൽ പ്രക്ഷോഭകർക്കെതിരെ നടപടി സ്വീകരിക്കുന്നതായി വാർത്തകൾ പുറത്തുവരുന്നുണ്ടെന്നും ഇത് അതീവ ഗൗരവകരമായി കാണുന്നുവെന്നും സിജെപി വക്താവ് സൗരവ് ദാസ് പറഞ്ഞു. തന്റെ എക്സ് പോസ്റ്റിലൂടെയാണ് സൗരവ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതിഷേധക്കാർക്കെതിരെ യാതൊരുവിധ ശിക്ഷാനടപടികളും ഉണ്ടാകില്ലെന്ന് കേന്ദ്ര സർക്കാർ നൽകിയ ഉറപ്പിന്റെ ലംഘനമാണ് ഇപ്പോൾ നടക്കുന്നതെന്നും പാർട്ടി ആരോപിച്ചു. കേന്ദ്രമന്ത്രിമാരായ ജെ പി നദ്ദയും ജിതേന്ദ്ര സിംഗും ഇടപെട്ട് തടങ്കലിലായവരെ ഉടൻ മോചിപ്പിക്കണമെന്നും സൗരവ് ആവശ്യപ്പെട്ടു.
പ്രതിഷേധക്കാർക്കെതിരെ നടപടിയുണ്ടാകില്ലെന്ന രേഖാമൂലമുള്ള ഉറപ്പ് ജൂലായ് 28 ചൊവാഴ്ചയ്‌ക്കകം നൽകണമെന്നും സിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നും രാജ്യത്തുടനീളമുള്ള പ്രതിഷേധക്കാർക്കെതിരെയുള്ള നടപടികൾ അവസാനിപ്പിക്കാൻ നിർദേശം നൽകണമെന്നും അദ്ദേഹം പറഞ്ഞു.
‘പ്രതിഷേധത്തിന്റെ ഭാഗമായി അറസ്റ്റിലായവർക്ക് എല്ലാവിധ നിയമസഹായവും നൽകാൻ പാർട്ടിയുടെ നിയമവിഭാഗം സജ്ജമാണ്. വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖ അഭിഭാഷകരുമായി ഏകോപനം നടത്തി ആദ്യദിവസം മുതൽ തന്നെ തടങ്കലിലാക്കപ്പെട്ടവരുടെ മോചനത്തിനായി പരിശ്രമിക്കുന്നുണ്ട്. പ്രക്ഷോഭത്തിൽ പങ്കെടുത്ത ഓരോ വ്യക്തിയുടെയും സുരക്ഷ ഉറപ്പാക്കാൻ തങ്ങൾ കൂടെയുണ്ടാകും.
കേന്ദ്ര സർക്കാർ നൽകിയ ഉറപ്പിൽ വിശ്വാസമർപ്പിച്ചാണ് രാജ്യവ്യാപകമായ പ്രതിഷേധം താൽക്കാലികമായി അവസാനിപ്പിച്ചത്. സർക്കാർ നൽകിയ ഉറപ്പിൽ നിന്ന് പിന്നോട്ടുപോകുന്നത് ഇന്ത്യൻ യുവാക്കളോടുള്ള വിശ്വാസവഞ്ചനയാണ്. വെറുതെ വാഗ്ദാനങ്ങൾ നൽകുന്നതിലല്ല, മറിച്ച് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിലാണ് ഒരു സർക്കാരിന്റെ വിശ്വാസ്യത അടങ്ങിയിരിക്കുന്നത്. നിലവിലെ സാഹചര്യങ്ങൾ പാർട്ടി സൂക്ഷിമമായി നിരീക്ഷിച്ചുവരികയാണ്’- സൗരവ് ദാസ് കുറിച്ചു.