കൊച്ചി: മുൻകൂർ നോട്ടീസ് നൽകാതെ എണ്ണൂറോളം ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട യുഎസ് ആസ്ഥാനമായ മെഡിക്കൽ കോഡിംഗ് കമ്പനി കോറോഹെൽത്തിൽ പ്രതിഷേധം തുടരുന്നു. സർക്കാരിന്റെ ആവശ്യം തള്ളിയ കമ്പനി ഇന്നും ജീവനക്കാരെ ഓഫീസിനുള്ളിൽ പ്രവേശിപ്പിച്ചില്ല. കമ്പനിയുമായി ബന്ധപ്പെട്ട ആരും പാലാരിവട്ടത്തെ ഓഫീസിൽ എത്തിയിട്ടില്ല. വരാനിരിക്കുന്ന നിർണായക ചർച്ചയിൽ കമ്പനി അധികൃതർ പങ്കെടുക്കുമോ എന്ന സംശയത്തിനും ഇത് കാരണമായി.
നേരത്തേ ലേബർ ഓഫീസർ നടത്തിയ ചർച്ചയിൽ പത്താം തീയതി നടക്കുന്ന മന്ത്രിതല ചർച്ചവരെ തുടർനടപടികൾ പാടില്ലെന്ന് കമ്പനിയുടെ ലീഗൽ അഡ്വൈസർക്ക് കർശന നിർദേശം നൽകിയിരുന്നു. ഇതുസംബന്ധിച്ച നോട്ടീസ് കമ്പനിയിൽ പതിപ്പിക്കാനും ലേബർ ഓഫീസർ ഉത്തരവിട്ടിരുന്നു. ചർച്ച നടത്തുന്നതുവരെ ജീവനക്കാരെ ഓഫീസിൽ പ്രവേശിക്കാൻ അനുവദിക്കണമെന്ന് തൊഴിൽ വകുപ്പും നിർദേശിച്ചിരുന്നു. ഇക്കാര്യം കമ്പനിയെ അറിയിക്കാമെന്ന് ലീഗൽ അഡ്വൈസർ അറിയിച്ചെങ്കിലും ജോലിയിൽ തുടരാൻ സാധിക്കുമോ എന്നതിൽ ജീവനക്കാർക്ക് വ്യക്തത ലഭിച്ചിരുന്നില്ല.
ഇന്നലത്തെ ധാരണപ്രകാരം ജീവനക്കാർ ഇന്നെത്തിയപ്പോൾ കമ്പനി പൂട്ടിക്കിടക്കുകയാണ്. തങ്ങൾക്ക് കമ്പനിയുടെ ഭാഗത്ത് നിന്ന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് കോറോഹെൽത്ത് പ്രവർത്തിക്കുന്ന കോ വർക്കിംഗ് സ്‌പേസിലെ സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്. ഇതോടെ ജീവനക്കാർ വീണ്ടും പെരുവഴിയിലായി. ഇന്നലെ രാവിലെയും ജോലിക്കെത്തിയവരെ ഗേറ്റ് പൂട്ടി അകത്ത് കയറ്റാതെ മാനേജ്‌മെന്റ് തടഞ്ഞിരുന്നു. ഇതോടെ ഡിവൈഎഫ്‌ഐ പ്രവർത്തകർ സ്ഥലത്തെത്തി ബലംപ്രയോഗിച്ച് വാതിൽ തുറന്ന് ജീവനക്കാരെ അകത്ത് കയറ്റുകയും ചെയ്‌തിരുന്നു. ഇതോടെ സ്ഥലത്ത് പൊലീസ് കാവലും ഏർപ്പെടുത്തുകയും ചെയ്‌തു.