കോട്ടയം : സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഷിഗെല്ലയും കോട്ടയം ജില്ലയില്‍ ജലജന്യ രോഗങ്ങളും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ്. മഞ്ഞപ്പിത്തം, വയറിളക്കം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നാണ് നിര്‍ദ്ദേശം. മാര്‍ച്ചില്‍ ജില്ലയില്‍ ഒരാള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. പതിവ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഹോട്ടലുകളിലും ഭക്ഷണശാലകളിലും പരിശോധനകള്‍ കര്‍ശനമാക്കി. ഭക്ഷ്യശുചിത്വം ഉറപ്പാക്കുകയാണ് ഷിഗെല്ലയെ പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗം. വയറിളക്കം, പനി, വയറുവേദന, ഛര്‍ദ്ദി, ക്ഷീണം, രക്തം കലര്‍ന്ന മലം, നിര്‍ജ്ജലീകരണം എന്നിവയാണ് ലക്ഷണങ്ങള്‍. രോഗാണു പ്രധാനമായും കുടലിനെ ബാധിക്കുന്നു. ലക്ഷണങ്ങള്‍ ഗുരുതരാവസ്ഥയിലേക്ക് എത്തിയാല്‍ അഞ്ച് വയസിന് താഴെയുള്ള കുട്ടികളില്‍ അപകടസാദ്ധ്യത കൂടുതലാണ്. മറ്റ് വയറിളക്ക രോഗങ്ങളെ അപേക്ഷിച്ച് വളെരെ പെട്ടെന്ന് പടര്‍ന്നു പിടിക്കാന്‍ സാദ്ധ്യതയുള്ളതിനാല്‍ പ്രത്യേക ജാഗ്രത വേണം.
തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക
ആഹാരം പാകം ചെയ്യുന്നതിനും ഭക്ഷണം കഴിക്കുന്നതിനും മുന്‍പും മലവിസര്‍ജ്ജനത്തിനു ശേഷവും കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക
ആഹാരം മൂടിവയ്ക്കുക. പഴകിയതും തുറന്നുവച്ചതുമായ ഭക്ഷണം ഒഴിവാക്കുക. പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തില്‍ കഴുകി ഉപയോഗിക്കുക
തിളപ്പിച്ച വെള്ളത്തിന്റെ കൂടെ തിളപ്പിക്കാത്ത വെള്ളം ചേര്‍ത്ത് ഉപയോഗിക്കുന്നതും ശരിയായ രീതിയില്‍ തിളപ്പിക്കാതെ കുടിക്കുന്നതും കൂടുതല്‍ അപകടകരമാണ്.
രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഭക്ഷണം തയാറാക്കുന്നത് ഒഴിവാക്കുക. ഇവരുമായി മറ്റുള്ളവര്‍ സമ്പര്‍ക്കം കുറയ്ക്കുക. രോഗിയ്ക്ക് പ്രത്യേക ശൗചാലയം നല്‍കുക
രോഗി ഉപയോഗിച്ച സാധന സാമഗ്രികളുമായി സമ്പര്‍ക്കം പുലര്‍ത്താതിരിക്കുക. ഡയപ്പറുകള്‍ സുരക്ഷിതമായി കളയുക, പരിസര ശുചിത്വം പാലിക്കുക.
പകരുന്ന വിധം
രോഗാണുക്കള്‍ അടങ്ങിയ മലിനജലം കുടിക്കുകയോ മലിനജലത്തിലത്തില്‍ തയ്യാറാക്കുന്ന ഭക്ഷണം കഴിക്കുകയോ ചെയ്യുന്നതിലൂടെ
വ്യക്തി ശുചിത്വം പാലിക്കാത്തതു വഴിയും രോഗബാധിതരുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും. ഈച്ചകള്‍ വഴിയും രോഗം പകരാം
കുട്ടികളിലും വയോജനങ്ങളിലും നിര്‍ജ്ജലീകരണം ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകാന്‍ സാദ്ധ്യതയുള്ളതിനാല്‍ പ്രത്യേക ശ്രദ്ധവേണം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ആരോഗ്യകേന്ദ്രങ്ങളില്‍ ചികിത്സ തേടണം.