അമ്പലപ്പുഴ: ജില്ലയുടെ തീരങ്ങളില്‍ കടല്‍ കയറ്റം ശക്തം. പുറംകടലില്‍ രൂപപ്പെട്ട കൂറ്റന്‍ തിരമാലകള്‍ കര ലക്ഷ്യമാക്കി നീങ്ങുന്നതിനാല്‍ തീരത്തെ മത്സ്യ ബന്ധനയാനങ്ങള്‍ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. ട്രോളിഗ് നിരോധന കാലയളവില്‍ വള്ളങ്ങള്‍ക്ക് മത്സ്യ ബന്ധനത്തിന് തടസമില്ലെങ്കിലും ക്ഷോഭം ശക്തമായ സാഹചര്യത്തില്‍ കടല്‍ പോയില്ല. തീരത്തിനോട് ചേര്‍ന്ന് കടലില്‍ വല ഇടുന്ന ചില പൊന്തുകള്‍ ഇറക്കിയെങ്കിലും ശക്തമായ കാറ്റുമൂലം കരയണഞ്ഞു. പുറക്കാട് ഭാഗത്തു നിന്നാണ് പൊന്തുകള്‍ ഇറക്കുന്നത്. ഇവിടെ ചാകര തെളിയാന്‍ സാധ്യതയുള്ളതിനാല്‍ നിരവധി പൊന്തുകളാണ് വാഹനങ്ങളിലെത്തിക്കുന്നത്. അതേ സമയം നാളെ വരെ കാലാവസ്ഥ ഗവേഷണ കേന്ദ്രം ജില്ലയില്‍ മത്സ്യ ബന്ധനത്തിന് നിരോധനവും മത്സ്യ തൊഴിലാളികള്‍ക്ക് മുന്നറിയിപ്പും ഏര്‍പ്പെടുത്തിയിട്ടുണ്ട്.