വീണ്ടും ഇറാനിൽ വ്യോമാക്രമണം നടത്തി അമേരിക്ക; ആക്രമണം ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ

വാഷിംഗ്‌ടൺ: ബുധനാഴ്ച രാത്രി ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തി അമേരിക്ക. ജോർദാനിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കെതിരെ ഇറാൻ നടത്തിയ ആക്രമണത്തിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് കഴിഞ്ഞദിവസം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം നടത്തിയത്.

കഴിഞ്ഞ ഒരാഴ്ചക്കിടെ ഇറാനിൽ അമേരിക്ക നേരിട്ട് നടത്തുന്ന ആദ്യത്തെ ആക്രമണമാണിത്. അമേരിക്കൻ സൈനികർക്കുനേരെയുണ്ടായ ആക്രമണത്തിനുള്ള ശക്തമായ മറുപടിയാണിതെന്ന് യുഎസ് സെൻട്രൽ കമാൻഡ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. പ്രാദേശിക സമയം രാത്രി എട്ട് മണിക്കാണ് ആക്രമണം ആരംഭിച്ചത്. അമേരിക്കൻ സേനയുടെ വ്യോമാക്രമണം ഏത് കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് നടന്നതെന്ന് വ്യക്തമല്ല. നാശനഷ്ടങ്ങളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

‘ഞങ്ങൾ അവർക്ക് നേരെ അതിശക്തമായ ആക്രമണം അഴിച്ചുവിടാൻ പോവുകയാണ്. കാരണം ഇനി അവരെ തിരിച്ചടിക്കേണ്ടത് ഞങ്ങളുടെ ഊഴമാണ്. ആക്രമണം വരുമെന്ന കാര്യം അവർക്ക് നന്നായി അറിയാം’ – എന്നാണ് കഴിഞ്ഞ ദിവസം ട്രംപ് മാദ്ധ്യമങ്ങളോട് പറഞ്ഞത്.

ചൊവ്വാഴ്ച അമേരിക്കൻ സമയം വൈകിട്ട് 5.45ഓടെയാണ് ഇറാന്റെ ഇസ്ലാമിക് റവല്യൂഷനറി ഗാർ‌ഡ് കോർപ്സ് ജോർദാനിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ മിസൈൽ ആക്രമണം നടത്തിയത്. എന്നാൽ ലക്ഷ്യസ്ഥാനത്തെത്തുന്നതിന് മുൻപ് യുഎസ് സൈന്യം അവ പൂർണമായും തകർത്തു. ആക്രമണത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *