ഗോവിന്ദച്ചാമിയെ പൂട്ടി, 1.5 കോടി ഇന്‍ഷുറന്‍സിനും വഴിയൊരുക്കി’; അഭിമാനം പുതിയ ജില്ലാ പോലീസ് മേധാവി

കാഞ്ഞങ്ങാട്: നെല്ലെടുപ്പ് സമരത്തിന്റെയും കര്‍ഷക പോരാട്ടങ്ങളുടെയും ചരിത്രമെഴുതിയ രാവണേശ്വരം ഗ്രാമത്തിന് മറ്റൊരു അഭിമാനം കൂടി. നാട്ടുകാരന്‍ പി.നിധിന്‍രാജ് ജില്ലയുടെ പോലീസ് തലപ്പത്തെത്തുന്നു. അടുത്താഴ്ച ജില്ലാ പോലീസ് മേധാവിയായി അദ്ദേഹം ചുമതലയേല്‍ക്കും.
നിധിന്‍രാജ് ജില്ലാ പോലീസ് മേധാവിയായെന്ന് അറിഞ്ഞതുമുതല്‍ കാഞ്ഞങ്ങാട്ടെയും രാവണേശ്വരത്തെയും വാട്സാപ്പ് ഗ്രൂപ്പുകളില്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ നിറഞ്ഞോടുകയായിരുന്നു ഈ വിവരം. നിധിന്‍രാജിന്റെ ഫോട്ടോവെച്ച് രാവണേശ്വരത്തിന്റെ അഭിമാനമെന്ന ടാഗ്ലൈനോടെയുള്ള പോസ്റ്റ് ഒരുപാട് ആളുകള്‍ സ്റ്റാറ്റസുമാക്കി.
രാവണേശ്വരം ‘എക്കാല്‍ ഹൗസി’ല്‍ കെ.രാജേന്ദ്രന്‍ നമ്പ്യാരുടെയും പി.ലതയുടെയും മകനാണ് നിധിന്‍രാജ്. പത്താംതരംവരെ രാവണേശ്വരം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും തുടര്‍ന്ന് കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂളുലും പഠിച്ചു. മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ ബിരുദധാരിയാണ്. 2018-ല്‍ 210-ാം റാങ്കോടെ സിവില്‍ സര്‍വീസ് പരീക്ഷ വിജയിച്ചു. ഹൈദരാബാദിലെ നാഷണല്‍ പോലീസ് അക്കാദമിയില്‍നിന്നാണ് പരിശീലനം പൂര്‍ത്തിയാക്കിയത്.
പരിശീലനകാലയളവില്‍ മാനന്തവാടി, കൊല്ലം ഏരൂര്‍ എന്നിവിടങ്ങളിലും ജോലിചെയ്തു. നാദാപുരം, തലശ്ശേരി, പാല എന്നിവിടങ്ങളില്‍ എ.എസ്.പി.ആയും ജോലിചെയ്തു. എസ്.പി.ആയി പ്രൊമോഷന്‍ ലഭിച്ചതോടെ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പില്‍ പ്രവര്‍ത്തിച്ചു. ഇന്ത്യാ റിസര്‍വ് ബറ്റാലിയന്‍ കമാന്‍ഡോന്റായായും തിരുവനന്തപുരം ഡി.സി.പിയായും കോഴിക്കോട് റൂറല്‍ എസ്.പി.യായും സേവനമനുഷ്ഠിച്ചു. ഒന്നരവര്‍ഷമായി കണ്ണൂര്‍ സിറ്റി പോലിസ് കമ്മിഷണറാണ്.
തട്ടിക്കൊണ്ടുപ്പോയ രണ്ടുവയസ്സുള്ള കുട്ടിയെ കണ്ടെത്തി പ്രതിയെ പിടിച്ചതിന് സംസ്ഥാന പോലീസ് മേധാവിയുടെ പ്രശംസയ്ക്ക് അര്‍ഹനായി. ഈ പ്രതിക്ക് 60 വര്‍ഷമാണ് കോടതി ശിക്ഷവിധിച്ചത്. തിരുവനന്തപുരം ഡി.സി.പി.ആയിരിക്കെയും കോഴിക്കോട് റൂറല്‍ എസ്.പി.ആയിരിക്കുമ്പോഴും ഡി.ജി.പി.യുടെ ബാഡ്ജ് ഓഫ് ഓണര്‍ ലഭിച്ചു. നടന്നുപോകുകയായിരുന്ന വയോധിക മരിക്കാനിടയായ വാഹനാപകടത്തില്‍ നിര്‍ത്താതെ പോയ കാര്‍ ഏഴുമാസത്തിനുശേഷം കണ്ടെത്തിയത് നിധിന്‍രാജിന്റെ നേതൃത്വത്തിലുള്ള ടീമായിരുന്നു. ഈ വാഹനം കണ്ടെത്തിയതോടെ അന്ന് അപകടത്തില്‍ പരിക്കേറ്റ പേരക്കുട്ടിക്ക് ഒന്നരക്കോടി രൂപ ഇന്‍ഷുറന്‍സ് ലഭിക്കുകയും ചെയ്തു.
നിധിന്‍രാജ് കണ്ണൂര്‍ കമ്മിഷണറായെത്തി അധികം വൈകാതെയായിരുന്നു ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം. മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടിച്ച് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ടീം കൈയടി നേടി. മാജിക് ഷോയും മെന്റലിസവും പഠിച്ചിട്ടുണ്ട്. മികച്ച ഫോട്ടോഗ്രാഫറുമാണ്. 2012-ല്‍ മാതൃഭൂമി സീഡ് നടത്തിയ പ്രസംഗമത്സരത്തില്‍ സംസ്ഥാനതലത്തില്‍ ഒന്നാംസ്ഥാനം നേടിയിരുന്നു. ആലപ്പുഴ സ്വദേശിനിയും മംഗളൂരു യേനപ്പോയ മെഡിക്കല്‍ കോളേജില്‍ ഡോക്ടറുമായ ലക്ഷ്മി കൃഷ്ണന്‍ ആണ് ഭാര്യ. മകന്‍: മൂന്നുവയസ്സുള്ള വംശി.
വിഷ്ണുപ്രദീപ് ആലപ്പുഴയില്‍
കാഞ്ഞങ്ങാട് മാവുങ്കാലിലെ വിഷ്ണുപ്രദീപിന് ആലപ്പുഴ ജില്ലാ പോലീസ് മേധാവിയായാണ് സ്ഥലംമാറ്റം. കൊല്ലം ജില്ലാ പോലീസ് മേധാവിയായിരുന്നു. കാഞ്ഞങ്ങാട്ടെ അഭിഭാഷകന്‍ അഡ്വ. ടി.കെ.സുധാകരന്റെയും എലിസബത്തിന്റെയും മകനാണ് കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥിയായ വിഷ്ണുപ്രദീപ്.

 

 

Leave a Reply

Your email address will not be published. Required fields are marked *