പുണെ: പുണെയിലെ പിംപ്രിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയായ വിനോദ് പിള്ള (50), ഭാര്യ സിർജ പിള്ള (45), മകൾ പൂർണിമ പിള്ള (19) എന്നിവരാണ് മരിച്ചത്. സാമ്പത്തിക ബാധ്യതയെത്തുടർന്ന് കുടുംബം ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.
ഓൺലൈൻ വഴി വാങ്ങിയ രാസവസ്തു വീടിനുള്ളിൽ കത്തിച്ച് അതിന്റെ വിഷപ്പുക ശ്വസിച്ചാണ് ഇവർ ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞു. വീടിനുള്ളിൽനിന്ന് രാസവസ്തു സൂക്ഷിച്ചിരുന്ന പാത്രവും ആത്മഹത്യാക്കുറിപ്പും സന്ത് തുക്കാറാം നഗർ പോലീസ് കണ്ടെടുത്തിട്ടുണ്ട്.
വിനോദിൻ്റെ ഭാര്യ സിർജ സമീപത്തെ സ്കൂളിൽ അധ്യാപികയായി ജോലി ചെയ്ത് വരികയായിരുന്നു. വ്യാഴാഴ്ച ഇവർ ജോലിക്കെത്താതിരുന്നതിനെത്തുടർന്ന് സഹപ്രവർത്തകർ നടത്തിയ അന്വേഷണത്തിനൊടുവിലാണ് മരണവിവരം പുറത്തുവന്നത്. ഫോണിൽ കിട്ടാതിരുന്നതിനെത്തുടർന്ന് സഹപ്രവർത്തകർ ബന്ധുക്കളെ വിവരം അറിയിക്കുകയും അവർ വീട്ടിലെത്തി പരിശോധിക്കുകയുമായിരുന്നു.
പരിശോധനയിൽ വിനോദിനെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. വീടിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ സിർജയെയും മകൾ പൂർണിമയെയും ഉടൻ ആശുപത്രിയിലെത്തിച്ച് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സാമ്പത്തിക തകർച്ചയാണ് ആത്മഹത്യയ്ക്ക് കാരണമെന്നും മരണത്തിന് മറ്റാരും ഉത്തരവാദികളല്ലെന്നും വിനോദ് എഴുതിയ കുറിപ്പിലുള്ളതായി പോലീസ് പറഞ്ഞു. കടം തീർക്കുന്നതിനായി മൂന്ന് വർഷംമുമ്പ് ഇവർ നെഹ്‌റു നഗറിലെ വീട് വിറ്റിരുന്നു. അതിനുശേഷം വാടകവീട്ടിലായിരുന്നു താമസം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.