ടെഹ്‌റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വർധിച്ച സാഹചര്യത്തിൽ, പശ്ചിമേഷ്യയിൽ സ്ഥിതിഗതികൾ കൂടുതൽ വഷളാകുമെന്ന ആശങ്കകൾക്കിടയിൽ തങ്ങളുടെ പ്രാദേശിക പങ്കാളികളുമായുള്ള നയതന്ത്ര നീക്കങ്ങൾ ശക്തമാക്കി ഇറാൻ. മേഖലയിലെ പ്രധാന രാജ്യങ്ങളുമായി ഇറാൻ ഉന്നതതല ചർച്ചകൾ നടത്തിവരികയാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇറാനിയൻ ഉദ്യോഗസ്ഥർ നൽകുന്ന വിവരമനുസരിച്ച്, വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പാകിസ്താൻ, തുർക്കി, സൗദി അറേബ്യ എന്നിവിടങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായും മുതിർന്ന നേതാക്കളുമായും അടിയന്തര ചർച്ചകൾ നടത്തി. മേഖലയിലെ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ചും അമേരിക്കയുടെ സമീപകാല നടപടികളുടെ പ്രത്യാഘാതങ്ങളെക്കുറിച്ചുമാണ് പ്രധാനമായും ചർച്ചകൾ നടന്നത്.
പാകിസ്താൻ ഫീൽഡ് മാർഷലുമായും തുർക്കി വിദേശകാര്യ മന്ത്രി ഹകൻ ഫിദാനുമായും നടത്തിയ കൂടിക്കാഴ്ചയിൽ, അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടാകുന്ന അസ്ഥിരപ്പെടുത്തുന്ന നടപടികൾക്കെതിരെ അരാഗ്ചി മുന്നറിയിപ്പ് നൽകി. മേഖലയിൽ ഇനിയുണ്ടാകുന്ന ഏതൊരു സൈനിക നടപടിയും ആഴത്തിലുള്ള തിരിച്ചടിക്ക് കാരണമാകുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
തങ്ങളുടെ ദേശീയ പരമാധികാരവും പ്രാദേശിക അഖണ്ഡതയും സുരക്ഷയും സംരക്ഷിക്കാൻ ഇസ്ലാമിക് റിപ്പബ്ലിക് പൂർണ്ണമായും സജ്ജമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ആവർത്തിച്ചു. രാജ്യത്തിനെതിരായ ഏത് സൈനിക ആക്രമണത്തിനും ഇറാൻ കൃത്യമായ മറുപടി നൽകുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
സൗദി വിദേശകാര്യ മന്ത്രിയുമായി നടത്തിയ പ്രത്യേക സംഭാഷണത്തിൽ, അരാഗ്ചി പശ്ചിമേഷ്യയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ വിലയിരുത്തിയതായി ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു. മേഖലയുടെ സ്ഥിരതയ്ക്ക് ഭീഷണിയാകുന്ന തരത്തിൽ നടക്കുന്ന ‘ഗൂഢാലോചനകളെക്കുറിച്ചും’ ആക്രമണാത്മക നീക്കങ്ങളെക്കുറിച്ചും ഇരുവരും തമ്മിൽ ചർച്ച ചെയ്തു.
അമേരിക്കയും ഇസ്രയേലും നടത്തിവരുന്ന ശത്രുതാപരമായ നടപടികളോട് സഹകരിക്കരുതെന്ന് മധ്യസ്ഥരോടും മറ്റ് പ്രാദേശിക രാജ്യങ്ങളോടും ഇറാൻ അഭ്യർത്ഥിച്ചു. ഇത്തരം നീക്കങ്ങൾ സംഘർഷം കൂടുതൽ വഷളാക്കുമെന്നും നയതന്ത്ര ശ്രമങ്ങളെ തകർക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
അരാഗ്ചിയും തുർക്കി വിദേശകാര്യ മന്ത്രി ഹകൻ ഫിദാനും തമ്മിലുള്ള ചർച്ചകൾ അമേരിക്കൻ നടപടികളുടെ ഭൗമ-രാഷ്ട്രീയ പ്രത്യാഘാതങ്ങളെ കേന്ദ്രീകരിച്ചുള്ളതായിരുന്നു.
മേഖലയിലെ അസ്ഥിരതയുടെ അപകടസാധ്യതകളെക്കുറിച്ച് ഇരുപക്ഷവും അവരുടെ കാഴ്ചപ്പാടുകൾ പങ്കുവെച്ചു. പശ്ചിമേഷ്യയിലെ സൈനിക സംഘർഷത്തിന് പ്രേരിപ്പിക്കുന്ന എല്ലാ കക്ഷികളെയും യുദ്ധത്തിന്റെ ഉത്തരവാദികളാക്കുമെന്ന് ഇറാൻ വ്യക്തമാക്കി.
അതേസമയം, ഒരു വലിയ യുദ്ധം ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി മറ്റ് രാജ്യങ്ങളുമായുള്ള നയതന്ത്ര ചർച്ചകൾ തുടരുമെന്നും ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു. ഇറാൻ, യുഎസ്, ഇസ്രയേൽ എന്നിവർക്കിടയിൽ സൈനികവും രാഷ്ട്രീയവുമായ വാക്‌പോരുകൾ മുറുകുമ്പോഴും, അമേരിക്ക-ഇറാൻ ബന്ധത്തിന്റെ ഭാവി അനിശ്ചിതത്വത്തിൽ തുടരുന്ന സാഹചര്യത്തിലാണ് ഈ ചർച്ചകൾ നടക്കുന്നത്.