പഴങ്ങൾ ജപ്പാനിൽ ആഡംബരത്തിന്റെ പ്രതീകം കൂടിയാണ്. വിലപിടിപ്പുള്ള വിവിധതരം പഴങ്ങൾ ജപ്പാനിൽ കാണാം. അവ പ്രിയപ്പെട്ടവർക്ക് സമ്മാനമായി നൽകുന്ന രീതിയുമുണ്ട്. ഇത്തരത്തിൽ ജപ്പാനിലെ പ്രീമിയം പഴങ്ങളിലെ രാജാവാണ് ‘യുബാരി കിംഗ് മെലൺ’.
മേയ് അവസാനം രണ്ട് യുബാരി മെലൺ അടങ്ങിയ ബോക്സ് വിറ്റുപോയത് എത്ര രൂപയ്ക്കാണെന്ന് അറിയാമോ? 35,14,690 രൂപ (58,00,000 ജാപ്പനീസ് യെൻ) ഈ സീസണിലെ ആദ്യ ലേലമായിരുന്നു. ലോകത്തെ ഏറ്റവും വിലകൂടിയ ആഡംബര പഴങ്ങളിൽ ഒന്നാണ് യുബാരി മെലൺ.
രണ്ട് വ്യത്യസ്ത പ്രീമിയം മസ്‌ക് മെലൺ ഇനങ്ങളുടെ സങ്കരയിനമാണ് യുബാരി മെലൺ. ഹൊക്കൈഡോ ദ്വീപിലെ യുബാരിയിലുള്ള ഗ്രീൻ ഹൗസുകളിൽ പ്രത്യേക രീതിയിലാണ് ഇവ വളർത്തിയെടുക്കുന്നത്. മൃദുത്വവും ഗംഭീര രുചിയും യുബാരി മെലണെ വ്യത്യസ്തമാക്കുന്നു. യുബാരി മെലണിന്റെ വിത്തുകൾ യുബാരിയിലെ കർഷക സഹകരണ സംഘമാണ് കൈകാര്യം ചെയ്യുന്നത്.
അതിനാൽ യുബാരിക്ക് പുറത്തേക്ക് ഇവയുടെ വിത്തുകൾ വിൽക്കാനോ ഔദ്യോഗിക നാമത്തിൽ വളർത്താനോ സാധിക്കില്ല. അതേസമയം, എല്ലാ യുബാരി മെലണിനും ലക്ഷങ്ങൾ വിലയാകില്ല. വിളവെടുപ്പ് സീസണിലെ ആദ്യ ലേലത്തിനാണ് 34 ലക്ഷം രൂപയെന്ന വലിയ തുക ലഭിച്ചത്. സാധാരണ പഴത്തിന്റെ വലിപ്പം, ആകൃതി, മധുരം എന്നിവ അനുസരിച്ചാണ് വില നിശ്ചയിക്കുക. സൂപ്പർ മാർക്കറ്റുകളിൽ ഇവ 11,700 രൂപ തൊട്ട് ലഭിക്കും. വിളവെടുപ്പ് സീസണിലെ ആദ്യ ലേലത്തിനാണ് കർഷകർ ലക്ഷങ്ങൾ ഈടാക്കുന്നത്. ഒരു മാർക്കറ്റിംഗ് തന്ത്രം കൂടിയാണിത്.