കഫ് സിറപ്പുകള്‍ ഇനി നേരിട്ട് വാങ്ങാനാവില്ല, ഡോക്ടറുടെ കുറിപ്പടി നിര്‍ബന്ധമാക്കി കേന്ദ്രം

കഫ് സിറപ്പുകള്‍ വാങ്ങുന്നതിന് ഡോക്ടറുടെ കുറിപ്പടി നിര്‍ബന്ധമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതോടെ കടകളില്‍നിന്ന് നേരിട്ട് വാങ്ങുന്ന രീതി ഇല്ലാതാവും. 1945-ലെ ഡ്രഗ് റൂള്‍സില്‍ ഭേദഗതി വരുത്തിയാണ് കഫ് സിറപ്പുകള്‍ക്ക് കുറിപ്പടി നിര്‍ബന്ധമാക്കിയത്. കഫ് സിറപ്പുകളുടെ സുരക്ഷിത ഉപയോഗവും പൊതുജനങ്ങളുടെ ആരോഗ്യവും ലക്ഷ്യമിട്ടാണ് പുതിയ നടപടി.
കഫ് സിറപ്പ് കഴിച്ചതിനു പിന്നാലെ മധ്യപ്രദേശിലെയും രാജസ്ഥാനിലെയും കുട്ടികള്‍ മരിച്ച് മാസങ്ങള്‍ പിന്നിടുംമുമ്പാണ് കേന്ദ്രത്തിന്റെ നടപടി. കുട്ടികളുടെ മരണത്തിനു പിന്നാലെ സാധാരണയായി ഉപയോഗിക്കുന്ന കഫ് സിറപ്പുകളുടെ കാര്യത്തില്‍ ആശങ്ക ഉയര്‍ന്നിരുന്നു, ഇതോടെയാണ് കഫ് സിറപ്പുകളുടെ നിര്‍മാണത്തിലും വിതരണത്തിലും കടുത്ത നിയന്ത്രണം വരുത്താന്‍ തീരുമാനമായത്. കഴിഞ്ഞ ഡിസംബറില്‍ പുറത്തിറക്കിയ കരട് നിര്‍ദ്ദേശങ്ങളില്‍ പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചാണ് പുതിയ വിജ്ഞാപനം പുറത്തിറക്കിയത്.
ഈ ഭേദഗതി പ്രകാരം ഡ്രഗ്‌സ് റൂള്‍സിലെ ഷെഡ്യൂള്‍ കെ-യില്‍ ഉള്‍പ്പെടുത്തിയിരുന്ന മരുന്നുകളുടെ വിഭാഗത്തില്‍നിന്ന് ‘സിറപ്പുകള്‍’ എന്ന വാക്ക് നീക്കം ചെയ്യുകയും ഇതോടെ ഇവയുടെ ഇളവ് ഒഴിവായി നേരിട്ടുള്ള വില്‍പ്പന അവസാനിപ്പിക്കുകയും ചെയ്യും. ഡ്രഗ്‌സ് (അഞ്ചാം ഭേദഗതി) റൂള്‍സ്, 2026 എന്ന് പുതിയ നിയമങ്ങള്‍ അറിയപ്പെടുമെന്നും ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്ന തീയതി മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും വിജ്ഞാപനത്തിലുണ്ട്.
ഇതോടെ, കഫ് സിറപ്പുകള്‍ നേരിട്ട് ഫാര്‍മസികളില്‍നിന്ന് വാങ്ങുന്നതിന് പകരം ഡോക്ടര്‍ നല്‍കുന്ന കുറിപ്പടി ഹാജരാക്കിയാല്‍ മാത്രമേ ലഭിക്കൂ. മരുന്നുകളുടെ തെറ്റായ ഉപയോഗം, സ്വയം ചികിത്സ തുടങ്ങിയവ ഒഴിവാക്കാനും രോഗികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭിക്കാനും പുതിയ തീരുമാനം വഴിവെക്കുമെന്നാണ് വിദഗ്ധര്‍ കരുതുന്നത്.
ഇക്കഴിഞ്ഞ ഒക്ടോബറില്‍ തമിഴ്നാട്ടിലെ ശ്രേസന്‍ ഫാര്‍മ നിര്‍മിച്ച ‘കോള്‍ഡ്രിഫ്’ ചുമമരുന്ന് കഴിച്ച് മധ്യപ്രദേശില്‍ മാത്രം ഇരുപതിലേറെ കുട്ടികളാണ് മരിച്ചത്. കമ്മീഷന്‍ വാങ്ങി മരുന്ന് കുറിച്ച മധ്യപ്രദേശിലെ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രത്തിലെ ശിശുരോഗ വിദഗ്ധന്‍ ഡോ. പ്രവീണ്‍ സോണിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. രാജസ്ഥാനിലും സമാനമായി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അനുവദനീയമായ അളവിനേക്കാള്‍ ഏകദേശം 500 മടങ്ങിലധികം ഡൈഎത്തിലീന്‍ ഗ്ലൈക്കോള്‍ ചുമമരുന്നില്‍ അടങ്ങിയിട്ടുണ്ടെന്ന് സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (CDSCO) കണ്ടെത്തിയിരുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *