ലോകചാമ്പ്യന്മാര്‍ ഇറങ്ങുന്നു, കരുത്തുകാട്ടാന്‍ അള്‍ജീരിയ

കന്‍സാസ് സിറ്റി: കാത്തിരിപ്പിന് അവസാനമാകുന്നു, ലയണല്‍ മെസ്സിയും സംഘവും ലോകകപ്പ് നിലനിര്‍ത്താനുള്ള പോരാട്ടത്തിന് മൈതാനത്തേക്ക്. ലോകകപ്പ് ഫുട്ബോളില്‍ ബുധനാഴ്ച രാവിലെ 6.30-ന് കന്‍സാസ് സിറ്റി സ്റ്റേഡിയത്തില്‍ അര്‍ജന്റീന ആഫ്രിക്കന്‍ കരുത്തരായ അള്‍ജീരിയയുമായി കളിക്കും. ഇരുടീമുകളും ഇതിനുമുന്‍പ് ഒരുതവണ മുഖാമുഖംവന്നപ്പോള്‍ അര്‍ജന്റീനയ്ക്കായിരുന്നു ജയം.
കരുത്തുകാട്ടാന്‍ അള്‍ജീരിയ
2014-നുശേഷം ആദ്യമായി ലോകകപ്പിനെത്തുന്ന ടീം ആദ്യകളിയില്‍ അട്ടിമറിജയം ലക്ഷ്യമിടുന്നു. യോഗ്യതാറൗണ്ടില്‍ ഒരു കളിയില്‍ മാത്രമാണ് ടീം തോറ്റത്. അമിനെ ഗുയ്രി, മുഹമ്മദ് അമൗറ എന്നിവരാകും മുന്നേറ്റത്തില്‍. റിയാദ് മഹ്റെസ്, ഇബ്രാഹിം മാസ, നബീല്‍ ബെന്റ്ലബ്, ഹിഷാം ബൗഡൗയു എന്നിവര്‍ മധ്യനിരയിലുണ്ടാകും.
ആറാം ലോകകപ്പിന് മെസ്സി
ആറാം ലോകകപ്പിനിറങ്ങുമ്പോള്‍ അര്‍ജന്റീനാ നായകന്‍ ലയണല്‍ മെസ്സിക്ക് റെക്കോഡ് സ്വന്തമാകും. ഏറ്റവും കൂടുതല്‍ ലോകകപ്പുകളില്‍ കളിച്ച താരമെന്ന ഖ്യാതിയാണ് പേരിനൊപ്പം ചേരുന്നത്. ആ റെക്കോഡ് ജയത്തോടെ ആഘോഷിക്കാനാകും മെസ്സിയും സംഘവും ഒരുങ്ങുന്നത്. 4-3-3 അല്ലെങ്കില്‍ 4-3-1-2 ശൈലിയിലാകും ലയണല്‍ സ്‌കലോനി ടീമിനെ ഇറക്കുന്നത്. ലയണല്‍ മെസ്സിക്കൊപ്പം ലൗട്ടാറോ മാര്‍ട്ടിനൈസും തിയാഗോ അല്‍മേഡയും മുന്നേറ്റത്തിലുണ്ടാകും. അലക്സിസ് മെക്കാലിസ്റ്റര്‍-റോഡ്രിഗോ ഡി പോള്‍-എന്‍സോ ഫെര്‍ണാണ്ടസ് എന്നിവരാകും മധ്യനിരയില്‍. നിക്കോളാസ് ഒട്ടാമെന്‍ഡി-ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്-ഫക്കുണ്ടോ മെഡിന-നഹുല്‍ മൊളിന എന്നിവരാകും പ്രതിരോധത്തില്‍. എമിലിയാനോ മാര്‍ട്ടിനെസ് ഗോള്‍ കീപ്പറാകും.

 

 

Leave a Reply

Your email address will not be published. Required fields are marked *