‘താരസംഘടനയിലെ പ്രശ്‌നങ്ങള്‍ അവരുടെ ആഭ്യന്തര കാര്യങ്ങള്‍’, സര്‍ക്കാര്‍ ഇടപെടില്ലെന്ന് മന്ത്രി പി സി വിഷ്ണുനാഥ്

താരസംഘടനയിലെ പ്രശ്‌നങ്ങള്‍ അവരുടെ ആഭ്യന്തര കാര്യങ്ങള്‍, അതില്‍ സര്‍ക്കാര്‍ ഇടപെടാന്‍ മാത്രം ഒന്നും കാണുന്നില്ലെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ്. അത് ഏത് തലത്തില്‍ നടന്ന ചര്‍ച്ചയാണ് എന്നത് ഞങ്ങള്‍ക്കറിയില്ല. പ്രശ്‌നങ്ങള്‍ സംഘടനയ്ക്കുള്ളില്‍ തന്നെ പരിഹരിക്കപ്പെടണം എന്നാണ് ആഗ്രഹിക്കുന്നത്. മലയാള സിനിമ യഥാര്‍ത്ഥത്തില്‍ ഇത്തരം കാര്യങ്ങള്‍ മാറ്റിനിര്‍ത്തി നോക്കിയാല്‍ വീണ്ടും ഒരു സുവര്‍ണ്ണ കാലഘട്ടത്തിലേക്ക് വന്നിരിക്കുകയാണ്.മലയാള സിനിമയ്ക്ക് ദേശീയ അന്തര്‍ ദേശീയ പ്രാധാന്യം കിട്ടുന്നുണ്ട്. അടിവരയിട്ട് പറയുന്നു ഈ വര്‍ഷവും IFFKക്ക് തിരുവനന്തപുരം വേദിയാകും. കൊച്ചിയിലേക്ക് മാറ്റി എന്നുള്ള പ്രചാരണം വ്യാജം. രാജ്യാന്തര ചലച്ചിത്ര മേളയുടെ വേദി മാറില്ല. അമ്മയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നത് അനൗചിത്യമാണെന്നും മന്ത്രി വ്യക്തമാക്കി.താരസംഘടനയായ ‘അമ്മ’യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളില്‍ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോന്‍ രംഗത്തെത്തിയിരുന്നു. അധ്യക്ഷ സ്ഥാനം മാത്രമല്ല, പ്രാഥമിക അംഗത്വവും താന്‍ രാജിവെക്കുകയാണെന്ന് ശ്വേത വ്യക്തമാക്കി. വലിയ ഗൂഢാലോചനയിലൂടെയും മുന്‍കൂട്ടി തയ്യാറാക്കിയ അജണ്ടയിലൂടെയുമാണ് തങ്ങളെ പുറത്താക്കാന്‍ ചിലര്‍ ശ്രമിച്ചതെന്നും തുറന്നടിച്ചു.കുറ്റാരോപിതരായ ചില ആളുകളുടെ കയ്യിലേക്ക് സംഘടനയെ വീണ്ടും എത്തിക്കാനുള്ള നീക്കമാണ് ജനറല്‍ ബോഡിയില്‍ നടന്നത്. ഒരു അവിശ്വാസ പ്രമേയം വരെ കൊണ്ടുവന്ന് തങ്ങളെ വേട്ടയാടാന്‍ നോക്കിയെന്നും പാവയായി ഇരുന്നാല്‍ മാത്രമേ സംഘടനയില്‍ ഭരിക്കാന്‍ പറ്റൂ എന്ന നില വന്നതിനാലാണ് വ്യക്തിത്വം പണയം വെക്കാതെ പടിയിറങ്ങുന്നതെന്നും ശ്വേത മേനോന്‍ തുറന്നടിച്ചു.ഭരണസമിതിയിലെ ട്രഷറര്‍ ഉണ്ണി ശിവപാല്‍ ആരെയും അറിയിക്കാതെ പെട്ടെന്ന് മുങ്ങിപ്പോയതാണ് നിലവിലെ പ്രതിസന്ധികള്‍ക്കെല്ലാം കാരണമെന്നും ശ്വേത വെളിപ്പെടുത്തി. മെയിലോ മറ്റ് വിവരങ്ങളോ നല്‍കാതെ മെയ് ഒന്നിനാണ് അദ്ദേഹം ഓടിപ്പോയത്. മുന്‍ കമ്മിറ്റിയിലെ ബാബുരാജ് ചെയ്ത പല കാര്യങ്ങളിലും വലിയ കുഴപ്പങ്ങളുണ്ടെന്നും ഇതുവരെ സംഘടനയുടെ അന്തസ്സ് ഓര്‍ത്ത് പുറത്തുപറയാതിരുന്ന അത്തരം കാര്യങ്ങള്‍ വൈകാതെ തന്നെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നുപറയുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

 

Leave a Reply

Your email address will not be published. Required fields are marked *