ചര്‍ച്ചകള്‍ ആരംഭിച്ചു, പങ്കെടുക്കുന്നത് നാല് രാജ്യങ്ങള്‍; ആണവായുധം നിര്‍മിക്കില്ലെന്ന് ഉറപ്പുനല്‍കാമെന് ഇറാന്‍

ബേണ്‍: പശ്ചിമേഷ്യയിലെ യുദ്ധം ശാശ്വതമായി അവസാനിപ്പിക്കാനുള്ള അന്തിമ കരാര്‍ ചര്‍ച്ചകള്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ ആരംഭിച്ചു. ഇറാനും യുഎസും കൂടാതെ മധ്യസ്ഥരായ പാകിസ്താന്റെയും ഖത്തറിന്റെയും പ്രതിനിധികളും ചര്‍ച്ചകളില്‍ പങ്കെടുക്കും.ചര്‍ച്ചകള്‍ക്കുള്ള ഇറാനിയന്‍ പ്രതിനിധി സംഘത്തെ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗേര്‍ ഘാലിബാഫും വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയുമാണ് നയിക്കുന്നത്. അമേരിക്കന്‍ പ്രതിനിധി സംഘത്തെ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് നയിക്കുന്നു. കൂടാതെ, ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും അദ്ദേഹത്തിന്റെ മരുമകന്‍ ജാരെഡ് കുഷ്നറും സംഘത്തില്‍ ഉള്‍പ്പെടുന്നു.
പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സൈനിക മേധാവി അസിം മുനീറും ചര്‍ച്ചകളില്‍ പങ്കെടുക്കുന്നുണ്ട്. ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്മാന്‍ ബിന്‍ ജാസിം അല്‍ താനിയും ചര്‍ച്ചകളില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏപ്രിലില്‍ ഇസ്ലമാബാദില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ഇതാദ്യമായാണ് ഇറാന്‍-യുഎസ് പ്രതിനിധികള്‍ നേര്‍ക്കുനേര്‍ കൂടിക്കാഴ്ചയ്ക്കെത്തുന്നത്. ഖത്തറിന്റെയും പാകിസ്താന്റെയും മധ്യസ്ഥതയില്‍ ചതുര്‍മുഖ ഫോര്‍മാറ്റിലായിരിക്കും ചര്‍ച്ചകളെന്നാണ് ഇറാന്‍ പ്രതിനിധി വക്താവ് ഇസ്മയില്‍ ബാഘേയ് വ്യക്തമാക്കുന്നത്.
ആണവായുധം തങ്ങള്‍ക്ക് വേണ്ടെന്നും ആണവ യുദ്ധോപകരണങ്ങള്‍ നിര്‍മ്മിക്കുന്നില്ലെന്ന് ഉറപ്പുനല്‍കാന്‍ തയ്യാറാണെന്നും ചര്‍ച്ചകള്‍ക്ക് മുന്നോടിയായി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍ പറഞ്ഞു. അമേരിക്ക ഉന്നയിക്കുന്ന ആവശ്യം പുതിയ കാര്യമല്ലെന്ന് വ്യക്തമാക്കിയ ഇറാന്‍ പ്രസിഡന്റ്, രാജ്യത്തിന്റെ സമ്പുഷ്ടീകരണത്തിനുള്ള അവകാശം ഉപേക്ഷിക്കില്ലെന്നും വ്യക്തമാക്കി.
‘ഇറാന്‍ ആണവായുധം നിര്‍മിക്കരുതെന്നാണ് അമേരിക്ക ആവശ്യപ്പെടുന്നത്. ഇതൊരു പുതിയ കാര്യമല്ല, ബോംബ് നിര്‍മിക്കാന്‍ ഉദ്ദേശ്യമില്ലെന്ന് രേഖാമൂലം അറിയിക്കാന്‍ തയ്യാറാണ്. എന്നിരുന്നാലും, സമ്പുഷ്ടീകരണത്തിനുള്ള അവകാശം ഞങ്ങള്‍ ഉപേക്ഷിക്കില്ല, മറ്റുള്ളവര്‍ക്ക് ഈ അവകാശം അംഗീകരിക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ല’, ഇറാന്‍ പ്രസിഡന്റ് പറഞ്ഞു.
യുദ്ധം അവസാനിപ്പിക്കുന്നതിന് യുഎസുമായുള്ള പ്രാഥമിക കരാറിന്റെ ഭാഗമായി ഖത്തറിന്റെ കൈവശമുള്ള മരവിപ്പിച്ച 6 ബില്യണ്‍ ഡോളര്‍ ഫണ്ടുകള്‍ തിരികെ കിട്ടുമെന്നും ഇറാന്‍ പ്രസിഡന്റ് പറഞ്ഞു.
അതേസമയം, സ്വിറ്റസര്‍ലന്‍ഡിലെ ചര്‍ച്ചകളില്‍ ആദ്യ വിഷയം ലെബനനിലെ വെടിനിര്‍ത്തല്‍ ആകുമെന്നാണ് സൂചന. ലെബനനില്‍ ഇസ്രയേല്‍ വെടിനിര്‍ത്തല്‍ ലംഘിച്ചത് ചൂണ്ടിക്കാട്ടി ഇറാന്‍ ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ലെബനനിലെ വെടിനിര്‍ത്തലിനാകും പ്രഥമ പരിഗണന.

5

Leave a Reply

Your email address will not be published. Required fields are marked *