തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സാമൂഹ്യ ക്ഷേമ പെൻഷൻ ഇനി സഹകരണ ബാങ്കുകൾ വഴി നേരിട്ട് വിതരണം ചെയ്യില്ല. പെൻഷൻ വിതരണത്തിൽ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കി സർക്കാർ ഉത്തരവിറക്കി. പെൻഷൻ വിതരണം ദേശസാത്കൃത ബാങ്കുകൾ മുഖേനെയാക്കാനാണ് സർക്കാർ തീരുമാനം. കിടപ്പുരോഗികൾക്കും ഒഴിവാക്കാൻ ആകാത്ത ഗുണഭോക്താക്കൾക്കും മാത്രമായിരിക്കും ഇനി നേരിട്ട് പെൻഷൻ വിതരണം ചെയ്യുക.
പല സൊസൈറ്റികളും തിരിച്ചടവ് വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്നില്ലെന്ന് ഉത്തരവിൽ പറയുന്നു, കൂടാതെ സഹകരണ സംഘങ്ങൾക്ക് ഇൻസെന്റീവ് ഇനത്തിലുള്ള ചെലവിനെ കുറിച്ചും ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നു.കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിന്റെ കത്തും പരിശോധിച്ച ശേഷമാണ് സർക്കാർ ഉത്തരവ്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പെൻഷൻ വിതരണം ഏതാണ്ട് പൂർണമായി സഹകരണ സ്ഥാപനങ്ങൾ വഴിയായിരുന്നു. സഹകരണ സംഘങ്ങളിലെ കളക്ഷൻ ഏജന്റുമാരാണ് പെൻഷൻ വിതരണം ചെയ്തിരുന്നത്. ഈ രീതിക്കാണ ഇപ്പോൾ യു.ഡി.എഫ് സർക്കാർ മാറ്റം വരുത്തിയിരിക്കുന്നത്.