ലഖ്നൗവില്‍ കോച്ചിങ് സെന്ററിലെ തീപ്പിടിത്തത്തില്‍ 14 മരണം; കെട്ടിടത്തില്‍നിന്ന് ചാടി വിദ്യാര്‍ഥികള്‍

 

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ലഖ്നൗവിലെ അലിഗഞ്ച് പ്രദേശത്തുള്ള കോച്ചിങ് സെന്ററിലുണ്ടായ വന്‍ തീപ്പിടിത്തത്തില്‍ 14 പേര്‍ക്ക് ദാരുണാന്ത്യം. കെട്ടിടത്തിന്റെ ഒന്നാംനിലയില്‍ പ്രവര്‍ത്തിച്ചിരുന്ന കോച്ചിങ് സെന്ററിലാണ് തീപ്പിടിത്തമുണ്ടായത്. മൂന്ന് നിലകളുള്ള ഈ കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ തീപ്പിടിക്കുകയും അത് താഴേക്ക് പടരുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ ഏഴ് വിദ്യാര്‍ഥികള്‍ ഒന്നാം നിലയില്‍നിന്ന് താഴേക്ക് ചാടിയതായി ദൃക്സാക്ഷികള്‍ വെളിപ്പെടുത്തി. കെട്ടിടത്തിന്റെ തകര്‍ന്ന ജനല്‍ വഴി പുറത്തുകടക്കാന്‍ ശ്രമിച്ച ഒരു യുവാവ് നിയന്ത്രണം വിട്ട് താഴെയുള്ള വേലിയിലേക്ക് വീഴുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇയാള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് സൂചന.
കെട്ടിടത്തില്‍നിന്ന് പുക ഉയരുന്നത് കണ്ടാണ് നാട്ടുകാര്‍ വിവരമറിഞ്ഞത്. ഇതേ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ഒരു ക്ലിനിക്കും പെറ്റ് ഷോപ്പും പ്രവര്‍ത്തിച്ചിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന നാട്ടുകാര്‍ ചേര്‍ന്ന് ആറ് പേരെ കെട്ടിടത്തിന് പുറത്തെത്തിച്ചു. അഗ്‌നിശമന സേന സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
സംഭവസ്ഥലം സന്ദര്‍ശിച്ച ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് രക്ഷാപ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്തി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അപകടത്തില്‍ നടുക്കം രേഖപ്പെടുത്തുകയും പരിക്കേറ്റവര്‍ക്ക് അടിയന്തര വൈദ്യസഹായം ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.

 

 

Leave a Reply

Your email address will not be published. Required fields are marked *