തമിഴ്നാട്ടില്‍ ടൊര്‍ണാഡോയ്ക്ക് സമാനമായ വന്‍ ചുഴലിക്കാറ്റ്; അത്യപൂര്‍വ പ്രതിഭാസം; കോടികളുടെ നാശനഷ്ടം

 

 

തൂത്തുക്കുടി: തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയില്‍ ഞായറാഴ്ച വൈകുന്നേരമുണ്ടായ ടൊര്‍ണാഡോയ്ക്ക് സമാനമായ അതിശക്തമായ കാറ്റില്‍ വ്യാപക നാശനഷ്ടം. തൂത്തുക്കുടി വിമാനത്താവളത്തിന് സമീപം ആകാശത്തേക്ക് ഉയര്‍ന്നുപൊങ്ങിയ പൊടിപടലങ്ങളും അവശിഷ്ടങ്ങളും ചേര്‍ന്ന് വന്‍ ചുഴലിക്കാറ്റ് രൂപപ്പെട്ടത് പ്രദേശവാസികളെ പരിഭ്രാന്തിയിലാഴ്ത്തി.
തൂത്തുക്കുടി-തിരുനെല്‍വേലി ദേശീയപാതയിലെ വഗൈകുളം, മുടിവൈത്തനേന്തല്‍ ഗ്രാമങ്ങളിലാണ് കാറ്റ് കനത്ത നശംവിതച്ചത്. തമിഴ്നാട്ടില്‍ ഇത്തരം പ്രതിഭാസങ്ങള്‍ അത്യപൂര്‍വമാണെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. അതിശക്തമായി വീശിയ കാറ്റിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
വീശിയടിച്ച കാറ്റില്‍ 200-ഓളം വീടുകള്‍ നശിച്ചതായാണ് പ്രാഥമിക നിഗമനം. മരങ്ങള്‍ ഒടിഞ്ഞുവീണ് വൈദ്യുതി പോസ്റ്റുകള്‍ തകരുകയും ചെയ്തിട്ടുണ്ട്. വഗൈകുളം ടോള്‍ പ്ലാസയിലെ ഗ്ലാസ് പാനലുകളും കമ്പ്യൂട്ടറുകളും തകര്‍ന്നു. കാറ്റിന്റെ തീവ്രത കാരണം ടോള്‍ പ്ലാസയിലൂടെ വാഹനങ്ങള്‍ നിരക്ക് ഈടാക്കാതെ കടത്തിവിടേണ്ടിവന്നു. സമീപത്തെ സ്വകാര്യ തീം പാര്‍ക്കിന് നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.
അതേസമയം, ഞായറാഴ്ച ഉണ്ടായ പ്രതിഭാസത്തെ ‘ടൊര്‍ണാഡോ’ എന്ന് വിളിക്കുന്നതിനെ ചെന്നൈയിലെ പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം എതിര്‍ത്തു. ഇടിമിന്നലോടു കൂടിയ മേഘങ്ങളില്‍ (Cumulonimbus) നിന്നുണ്ടായ അതിശക്തമായ വായു പ്രവാഹമാണ് ( ഇതെന്നും യഥാര്‍ഥ ടൊര്‍ണാഡോകള്‍ രൂപപ്പെടാനാന്‍ ആവശ്യമായ അന്തരീക്ഷ സാഹചര്യങ്ങള്‍ തൂത്തുക്കുടിയില്‍ നിലവിലില്ലായിരുന്നുവെന്നും അധികൃതര്‍ വിശദീകരിച്ചു.
മര്‍ദംകുറഞ്ഞ പ്രത്യേക മേഖലയിലേക്കുള്ള വായുവിന്റെ ചുഴലി രൂപത്തിലുള്ള പ്രവാഹവും പ്രാദേശികമായ താപനില വ്യതിയാനവുമാണ് ഈ പ്രതിഭാസത്തിന് കാരണമായതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സാധാരണയായി ഇന്ത്യയില്‍ ഒഡീഷ, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ടൊര്‍ണാഡോകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *