ഓടുന്ന കാറിൽ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടികളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; മൂന്ന് പേർ പിടിയിൽ

ഗോഹട്ടി: പ്രായപൂർത്തിയാകാത്ത രണ്ട് ആദിവാസി പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ഓടുന്ന കാറിൽ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ. അസം സ്വദേശികളായ അംജദ് ഹുസൈൻ ലസ്‌കർ (20), സദ്ദാം ഹുസൈൻ ലസ്‌കർ (23), റിങ്കു ദാസ് (25) എന്നിവരാണ് പിടിയിലായത്. മിസോറാമിലാണ് സംഭവം.

ഓഗസ്റ്റ് മൂന്നിന് പുലർച്ചെ 2.30 ഓടെ പെൺകുട്ടികൾ ധോലായ് പൊലീസ് സ്റ്റേഷനിൽ എത്തി തങ്ങളെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതായി അറിയിച്ചപ്പോഴാണ് സംഭവം പുറത്തുവന്നതെന്ന് ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

‘തങ്ങളെ തട്ടിക്കൊണ്ടുപോയെന്നും പ്രതികൾ ആദ്യം ബലാത്സംഗശ്രമം നടത്തിയെന്നും പെൺകുട്ടികൾ മൊഴി നൽകി. പിന്നീട് ചെറുത്തുനിൽപ്പ് നടത്തിയെങ്കിലും പ്രതികൾ ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്ന് പെൺകുട്ടികൾ വെളിപ്പെടുത്തി. ഇരകൾ പ്രായപൂർത്തിയാകാത്തവരാണെന്ന് അവകാശപ്പെട്ടതിനാൽ നിയമപരമായ എല്ലാ നടപടിക്രമങ്ങളും പാലിച്ച് മുന്നോട്ട് പോകും,’-കച്ചാർ അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് രജത് പാൽ വ്യക്തമാക്കി.

ഇരകളായ രണ്ട് പേരുടെയും മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും, മേൽനടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കിയെന്നും പൊലീസ് അറിയിച്ചു. പെൺകുട്ടികളെ വൈദ്യപരിശോധനയ്ക്കും വിധേയരാക്കിയതായും ഉദ്യോഗസ്ഥർ പറഞ്ഞു.

ഭാരതീയ ന്യായ സംഹിതയിലെ (ബി.എൻ.എസ്) സെക്ഷൻ 70(2) (18 വയസിന് താഴെയുള്ള പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്യൽ), സെക്ഷൻ 87 (തട്ടിക്കൊണ്ടുപോകൽ) എന്നിവയ്‌ക്കൊപ്പം 2012ലെ പോക്‌സോ നിയമത്തിലെ സെക്ഷൻ 6 (ഗുരുതരമായ ലൈംഗികാതിക്രമം) പ്രകാരവും പൊലീസ് കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *