വീണ്ടും വിനി മാജിക്കില്‍ ബ്രസീലിയന്‍ കുതിപ്പ്

 

 ഗ്രൂപ്പ് ചാമ്പ്യന്മാരായി അവസാന 32ല്‍, മൊറോക്കോയും ഗ്രൂപ്പ് താണ്ടി മുന്നോട്ട്

ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ബ്രസീല്‍ സ്‌കോട്ട്‌ലന്‍ഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. വിനീഷ്യസ് ജൂനിയര്‍ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍, മറ്റൊരു മത്സരത്തില്‍ മൊറോക്കോ ഹെയ്തിയെ 4-2ന് തോല്‍പ്പിച്ച് നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറി. ഇതോടെ ബ്രസീലും മൊറോക്കോയും അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടി.
ഫ്‌ലോറിഡ: ലോകകപ്പ് ഗ്രൂപ്പ് റൗണ്ടിലെ അവസാന പോരില്‍ സ്‌കോട്ട്‌ലാന്‍ഡിനെ തകര്‍ത്തെറിഞ്ഞ് ബ്രസീലിയന്‍ തേരോട്ടം. എതിരില്ലാത്ത മൂന്ന് ഗോളിനാണ് കാനറികള്‍ യൂറോപ്പിന്റെ കരുത്തുമായി എത്തിയ സ്‌കോട്ടിഷ് പടയെ തുരത്തിയത്. ബ്രസീലിന് വേണ്ടി വിനി ജൂനിയര്‍ രണ്ട് ഗോളും മത്യേയൂസ് കൂഞ്ഞ ഒരു ഗോളും പേരിലാക്കി. സ്‌കോട്ട്‌ലന്‍ഡിന്റെ പന്തടക്കത്തോടെയാണ് ഒന്നാം പകുതി തുടങ്ങിയത്. ബ്രസീലിനെ തടുത്തുനിര്‍ത്തി പന്ത് കാലില്‍ നിര്‍ത്താന്‍ യൂറോപ്യന്‍ പടയ്ക്ക് സാധിച്ചു. എന്നാല്‍, കളിയുടെ ഗതിമാറാന്‍ അധിക നേരം വേണ്ടി വന്നില്ല. അമിതാത്മവിശ്വാസത്തോടെ സ്വന്തം ബോക്‌സിനുള്ളില്‍ പന്ത് തട്ടിയ സ്‌കോട്ട്ഡലന്‍ഡിന് പിഴച്ചപ്പോള്‍ വിനീഷ്യസ് ജൂനിയറര്‍ക്ക് കിട്ടിയത് സുവര്‍ണാവസരം. ലോകകപ്പിലെ മൂന്നാം മത്സരത്തിലും തുടര്‍ച്ചയായി ഗോള്‍ നേടി റയല്‍ മാഡ്രിഡിന്റെ സ്റ്റാര്‍ ബോയ് അനായാസം വലചലിപ്പിച്ചു. ബ്രസീലിന്റെ ഒറ്റപ്പെട്ട നീക്കങ്ങളും സ്‌കോട്ട്‌ലാന്‍ഡിന്റെ പൊസഷന്‍ ഗെയിമുമായി മത്സരം വീണ്ടും മുന്നോട്ട് പോയി.

ഇതിനിടെ ആദ്യ ഗോളിന് സമാനമായി സ്‌കോട്ട്‌ലാന്‍ഡ് താരത്തിന് സംഭവിച്ച പിഴവ് വിനിക്ക് രണ്ടാം ഗോള്‍ സമ്മാനിച്ചു. പക്ഷേ ബ്രസീലിയന്‍ ആരവത്തെ നിശബ്ദമാക്കി വാര്‍ തീരുമാനം കാനറികള്‍ക്ക് എതിരായി. എതിരില്ലാത്ത ഒരു ബ്രസീലിയന്‍ ഗോളില്‍ ആദ്യ പകുതി അവസാനിക്കുമെന്ന കരുതിയപ്പോള്‍ വിനിയെ തേടി തന്റെ അടുത്ത ഗോള്‍ എത്തി. ഇത്തവണയും പന്ത് ക്ലിയര്‍ ചെയ്യുന്നതിലെ സ്‌കോട്ടിഷ് അബദ്ധമാണ് ഗോളിന് വഴിയൊരുക്കിയത്. ബ്രൂണോ ഗുമെയ്‌റഷിന്റെ പറന്നിറങ്ങിയ ക്രോസില്‍ വിനിക്ക് തലവയ്‌ക്കേണ്ട കാര്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

സെക്കന്‍ഡ് ഹാഫില്‍ സ്‌കോട്ട്‌ലാന്‍ഡ് കൂടുതല്‍ അപകടകാരികളായി. നിരന്തരം ബ്രസീലിയന്‍ ഗോള്‍ മുഖം ലക്ഷ്യമാക്കി സ്‌കോട്ടിഷ് ആക്രമണങ്ങള്‍ എത്തി. പലതും ഫിനിഷിംഗിലെ കൃത്യതയില്ലായ്മ കൊണ്ട് ഗോളില്‍ കലാശിക്കാതെ പോവുകയായിരുന്നു. ഇതിനിടെ 60-ാം മിനിറ്റില്‍ മത്യേയൂസ് കൂഞ്ഞയിലൂടെ ബ്രസീല്‍ വിജയം ഉറപ്പിച്ചു. ബ്രൂണോയുടെ കിടിലന്‍ അസിസ്റ്റിലൂടെയായിരുന്നു ഗോള്‍. ഒടുവില്‍ 75-ാം മിനിറ്റില്‍ ലോകം ഒന്നടങ്കം കാത്തിരുന്ന ആ നിമിഷം പിറന്നു. ഏറെക്കാലത്തിന് ശേഷം മഞ്ഞ ജേഴ്‌സിയില്‍ കളത്തിറങ്ങി. ലഭിച്ച സമയത്തില്‍ ഒരു ഷോട്ട് ഉതിര്‍ക്കാനും താരത്തിന് സാധിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *