ബോളിവുഡ് താരം ഭൂമി പഡ്നേക്കർഅസമിലെ പ്രളയബാധിത പ്രദേശങ്ങളിൽ നേരിട്ടെത്തി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളിയായി. ഭാരത് ഡിസാസ്റ്റർ റിലീഫ് ഫൗണ്ടേഷന്റെ (BDRF) സഹകരണത്തോടെയാണ് താരം ദുരിതമനുഭവിക്കുന്നവർക്ക് ആവശ്യസാധനങ്ങളും മറ്റും എത്തിച്ചുനൽകിയത്. വെള്ളപ്പൊക്കം രൂക്ഷമായ പ്രദേശങ്ങളിലൂടെ രാത്രി വൈകിയും താരം യാത്ര ചെയ്യുന്നതിന്റെയും സന്നദ്ധപ്രവർത്തകർക്കൊപ്പം നിന്ന് ജോലികൾ ചെയ്യുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
പ്രളയത്തിൽ മുങ്ങിയ റോഡുകളിലൂടെ രാത്രി പതിനൊന്നണിയോടെ കാറിൽ സഞ്ചരിക്കുന്ന ഒരു വിഡിയോ ഭൂമി പങ്കുവെച്ചിട്ടുണ്ട്. ‘ഗൂഗ്ൾ മാപ്പിൽ റോഡ് എന്ന് കാണിക്കുന്നുണ്ടെങ്കിലും ചുറ്റും വെള്ളം മാത്രമാണുള്ളത്’ എന്ന് അവർ വിഡിയോയിൽ പറയുന്നുണ്ട്. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട ദുരിതാശ്വാസ ക്യാമ്പുകളിലെയും താൽക്കാലിക ഷെൽട്ടറുകളിലെയും കുടുംബങ്ങൾക്ക് രാത്രികാലങ്ങളിൽ പാമ്പുകളിൽ നിന്നും മറ്റ് ഇഴജന്തുക്കളിൽ നിന്നും രക്ഷനേടാൻ സഹായിക്കുന്നതിനായി താരം സോളാർ ലൈറ്റുകൾ വിതരണം ചെയ്തു.