ജന്തർമന്തർ പ്രക്ഷോഭത്തിന് പിന്നിൽ എ.എ.പി ഗൂഢാലോചന, ലക്ഷ്യമിട്ടത് മോദിയെ

ന്യൂഡൽഹി: ഡൽഹി രാഷ്ട്രീയത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ചുകൊണ്ട് ആം ആദ്മി പാർട്ടിക്കും മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനുമെതിരെ പുതിയ ആരോപണങ്ങളുമായി ബി.ജെ.പിരംഗത്ത്. കോക്രോച്ച് ജനതാ പാർട്ടി എന്നത് എ.എ.പിയുടെ ഒരു ‘പെറ്റ് പ്രോജക്റ്റ്’ മാത്രമാണെന്നും കഴിഞ്ഞ മാസം ജന്തർമന്തറിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തിന്റെ യഥാർത്ഥ അജണ്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിടുക മാത്രമായിരുന്നുവെന്നും ബി.ജെ.പി ഐടി സെൽ മേധാവി അമിത് മാളവ്യ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ ഒരു വിഡിയോയും പങ്കുവെച്ചിട്ടുണ്ട്.

ഈ പ്രക്ഷോഭത്തിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടായിരുന്നുവെന്നും സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപകെയും സംഘവും എഎപിയുമായി ശക്തമായ ബന്ധം പുലർത്തിയിരുന്നുവെന്നും ബിജെപി പറയുന്നു. നീറ്റ് ചോദ്യപേപ്പർ ചോർച്ചയോ വിദ്യാഭ്യാസ രംഗത്തെ പരിഷ്കരണങ്ങളോ അല്ല മറിച്ച് സർക്കാരിനെ പ്രതിരോധത്തിലാക്കുക മാത്രമായിരുന്നു ഇതിന്റെ ലക്ഷ്യമെന്ന് അമിത് മാളവ്യ ചൂണ്ടിക്കാണിക്കുന്നു. മുൻപ് വിദ്യാർഥി പ്രക്ഷോഭമായി അവതരിപ്പിക്കപ്പെട്ട പല സമരങ്ങളും പിന്നീട് രാഷ്ട്രീയ ലക്ഷ്യങ്ങളിലേക്ക് വഴിമാറിയത് വലിയ ചർച്ചയായിരുന്നു.

പുറത്തുവന്ന വിഡിയോയിൽ തെരുവിൽ ഇറങ്ങിയ ആളുകൾ വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെടാൻ മാത്രമായിരുന്നില്ല എത്തിയതെന്നും, പ്രധാനമന്ത്രി മോദിയെ നേരിടാൻ വേണ്ടിയാണ് അവർ എത്തിയതെന്നും അരവിന്ദ് കെജ്‌രിവാൾ പറയുന്നു. ഈ വെളിപ്പെടുത്തൽ പുറത്തുവന്നതോടെ കടുത്ത വിമർശനങ്ങളാണ് വിവിധ കോണുകളിൽ നിന്ന് ഉയരുന്നത്. മുൻ എഎപി നേതാവ് സ്വാതി മാലിവാൾ ഉൾപ്പെടെയുള്ളവർ വിദ്യാർഥികളുടെ സമരം ഹൈജാക്ക് ചെയ്യാൻ കെജ്‌രിവാൾ ബോധപൂർവ്വം സിജെപിയെ ഉപയോഗിക്കുകയും ഫണ്ട് നൽകി സഹായിക്കുകയും ചെയ്തുവെന്ന് കുറ്റപ്പെടുത്തി.

അതേസമയം, പ്രധാനമന്ത്രിക്കെതിരെ ഉപയോഗിച്ച ഈ പദപ്രയോഗങ്ങൾ സദാചാരപരമായും രാഷ്ട്രീയമായും വലിയ അനീതിയാണ് കാണിക്കുന്നതെന്ന് ഡൽഹി മന്ത്രി കപിൽ മിശ്ര വിമർശിച്ചു. കഴിഞ്ഞ മാസം നീറ്റ്-യുജി പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ജന്തർമന്തറിൽ നടന്ന വലിയ സമരങ്ങളും അതിനെത്തുടർന്ന് ജൂലൈ 25-ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ചതും ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിരുന്നു. ഈ സംഭവങ്ങളുടെ യഥാർത്ഥ പശ്ചാത്തലത്തെക്കുറിച്ചും രാഷ്ട്രീയ ഗൂഢാലോചനകളെക്കുറിച്ചുമുള്ള ബിജെപിയുടെ ഈ പുതിയ വെളിപ്പെടുത്തലുകൾ നിലവിലെ രാഷ്ട്രീയ അന്തരീക്ഷത്തിൽ കൂടുതൽ ചൂടുപിടിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *