ഇറാനെതിരെ വമ്പന്‍ സൈനിക നീക്കങ്ങളില്‍ നിന്ന് യുഎസ് പിന്മാറുന്നു? പകരം സാമ്പത്തിക ഉപരോധത്തില്‍ പൂട്ടിക്കെട്ടാൻ ട്രംപ്

വാഷിങ്ടണ്‍: ഇറാനെതിരെ പ്രഖ്യാപിച്ച വലിയ സൈനിക നീക്കങ്ങളില്‍ നിന്ന് പെട്ടെന്ന് പിന്മാറി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനുമേല്‍ നേരിട്ടുള്ള ആക്രമണങ്ങള്‍ക്ക് പകരം, കടുത്ത സാമ്പത്തിക ഉപരോധവും നയതന്ത്ര സമ്മര്‍ദ്ദവും ശക്തമാക്കി രാജ്യത്തെ പൂര്‍ണ്ണമായി തളര്‍ത്താനാണ് അമേരിക്കന്‍ നീക്കം. പ്രമുഖ മാധ്യമമായ ‘ആക്‌സിയോസി’ന് നല്‍കിയ ഫോണ്‍ അഭിമുഖത്തിലാണ് ട്രംപ് ഈ നിര്‍ണ്ണായക സൂചനകള്‍ നല്‍കിയത്. ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ട് ഉയര്‍ന്ന തര്‍ക്കങ്ങളിലും ആവശ്യങ്ങളിലും ഇറാന്‍ വഴങ്ങാത്ത പശ്ചാത്തലത്തിലാണ് സാമ്പത്തിക സമ്മര്‍ദ്ദം എന്ന തന്ത്രത്തിലേക്ക് ട്രംപ് കളം മാറ്റിച്ചവിട്ടുന്നത്. സമീപദിവസങ്ങളിലൊന്നും ഇറാനെതിരെ പുതിയ സൈനിക ഭീഷണികളോ ആക്രമണ മുന്നറിയിപ്പുകളോ ട്രംപ് ഭരണകൂടം നടത്തിയിരുന്നില്ല. ഇതിനു പിന്നാലെയാണ് ഇറാന്റെ ദാരിദ്ര്യവും സാമ്പത്തിക തകര്‍ച്ചയും യുഎസ് സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ട്രംപ് തുറന്നടിച്ചത്.

ഞങ്ങള്‍ വലിയ ബഹളങ്ങള്‍ക്കൊന്നും പോകുന്നില്ല. നിലവില്‍ ഇറാനുമായി ഭാഗികമായ ചര്‍ച്ചകള്‍ മാത്രമാണ് നടക്കുന്നത്. ഇറാന്റെ പണപ്പെരുപ്പവും അവരുടെ കൈയില്‍ കാശില്ലാത്ത അവസ്ഥയുമെല്ലാം ഞങ്ങള്‍ വെറുതേയിരുന്ന് നിരീക്ഷിക്കുകയാണ്,’ ട്രംപ് അഭിമുഖത്തില്‍ പരിഹസിച്ചു. ഇറാന്‍ സാമ്പത്തികമായി വന്‍ തകര്‍ച്ചയിലാണ്. സ്വന്തം സൈനികര്‍ക്ക് കൃത്യമായി ശമ്പളം നല്‍കാന്‍ പോലും അവരുടെ കൈയില്‍ പണമില്ലാത്ത സ്ഥിതിയാണെന്നും, യുഎസിന്റെ നാവിക ഉപരോധം ഇറാന്റെ സാമ്പത്തിക മേഖലയുടെ നട്ടെല്ലൊടിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൈനിക ആക്രമണങ്ങള്‍ തടഞ്ഞ്, പകരം സാമ്പത്തിക-നയതന്ത്ര ഉപരോധങ്ങളിലൂടെ ഇറാനെ മുട്ടുകുത്തിക്കാന്‍ ഗള്‍ഫിലെ സഖ്യകക്ഷികള്‍ തന്നോട് ആവശ്യപ്പെട്ടിരുന്നതായി ട്രംപ് വെളിപ്പെടുത്തി. ‘കാര്യങ്ങളെല്ലാം വഴിയെ ശരിയാകും. ഇതൊരു ചെസ്സ് കളി പോലെയാണ്,’ എന്നായിരുന്നു യുഎസ് പ്രസിഡന്റിന്റെ മാസ് പ്രതികരണം. ഇറാന്റെ ആണവ ഭീഷണിയേക്കാള്‍ ഉപരി, ലോക വ്യാപാരത്തിന് തടസ്സമാകുന്ന ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനാണ് ട്രംപ് ഇപ്പോള്‍ പ്രഥമ പരിഗണന നല്‍കുന്നത്. ഇറാന്റെ മുന്‍നിര ആണവനിലയങ്ങള്‍ നേരത്തെ തന്നെ തകര്‍ക്കപ്പെട്ടതിനാല്‍ അവ പുനര്‍നിര്‍മ്മിക്കുക എളുപ്പമാകില്ലെന്നും, അത്തരം നീക്കങ്ങള്‍ യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ പെട്ടെന്ന് തന്നെ കണ്ടുപിടിക്കുമെന്നുമാണ് വാഷിങ്ടണിന്റെ വിലയിരുത്തല്‍. അതിനാല്‍ യുദ്ധത്തിലേക്ക് പോകാതെ, സാമ്പത്തികമായി തളര്‍ത്തി ഇറാനെക്കൊണ്ട് തന്നെ സമാധാന കരാറുകളില്‍ ഒപ്പുവെപ്പിക്കാനാണ് ട്രംപിന്റെ പുതിയ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *