അടി തിരിച്ചടി, ഹെയ്തിയെ കീഴടക്കി മൊറോക്കോ നോക്കൗട്ടില്‍

വാഷിങ്ടണ്‍: ഹെയ്തിയെ കീഴടക്കി മൊറോക്കോ നോക്കൗട്ടില്‍. പിന്നിട്ടുനിന്ന ശേഷം തിരിച്ചുവന്നാണ് മൊറോക്കോ വിജയിച്ചുകയറിയത്. രണ്ടിനെതിരേ നാലുഗോളുകള്‍ക്കാണ് ജയം. അതോടെ ടീം നോക്കൗട്ടിലേക്ക് മുന്നേറി. ഗ്രൂപ്പ് സിയില്‍ രണ്ടാമതായാണ് ടീമിന്റെ നോക്കൗട്ട് പ്രവേശം.
10-ാം മിനിറ്റില്‍ ഗോള്‍കീപ്പര്‍ യാസിന്‍ ബൗനോയുടെ സെല്‍ഫ് ഗോളാണ് ഹെയ്തിക്ക് ലീഡ് സമ്മാനിക്കുന്നത്. പിന്നീട് മുന്നേറ്റങ്ങള്‍ തുടര്‍ന്ന ഹെയ്തി മൊറോക്കോയെ വിറപ്പിച്ചു. ഹെയ്തിയുടെ മുന്നേറ്റങ്ങളെ തടയാന്‍ മൊറോക്കോ പാടുപെട്ടു. കിട്ടിയ അവസരങ്ങളില്‍ മൊറോക്കോയും കളിച്ചു. 39-ാം മിനിറ്റില്‍ അഷ്റഫ് ഹക്കീമിയിയൂടെ സമനില പിടിച്ചു. എന്നാല്‍ 43-ാം മിനിറ്റില്‍ ഹെയ്തി വീണ്ടും ലീഡെടുത്തു. വില്‍സണ്‍ ഇസിഡോറാണ് സ്‌കോറര്‍.
വിട്ടുകൊടുക്കാന്‍ തയ്യാറാവാതെ പോരാടിയ മൊറോക്കോ ആദ്യപകുതിയുടെ ഇഞ്ചുറി ടൈമില്‍ തിരിച്ചടിച്ചു. സ്ട്രൈക്കര്‍ സായ്ബാരിയാണ് വലകുലുക്കിയത്. ആദ്യപകുതി 2-2 ന് അവസാനിച്ചു. രണ്ടാം പകുതിയില്‍ പക്ഷേ മൊറോക്കോ ഉണര്‍ന്നുകളിച്ചു. രണ്ട് ഗോളുകള്‍ കൂടി നേടി ടീം തിരിച്ചുവന്നു. ഹെയ്തിയെ 4-2 ന് കീഴടക്കി നോക്കൗട്ടിലേക്ക്. 78-ാം മിനിറ്റില്‍ സീഫിയാനെ റഹീമിയും 89-ാം മിനിറ്റില്‍ യാസിനുമാണ് ഗോളടിച്ചത്.
ഗ്രൂപ്പ് സിയില്‍ ബ്രസീലാണ് ജേതാക്കള്‍. മൂന്ന് കളികളില്‍ നിന്ന് ഏഴുപോയന്റോടെയാണ് ടീം അടുത്ത റൗണ്ടിലേക്ക് കുതിക്കുന്നത്. രണ്ടാമതുള്ള മൊറോക്കോയ്ക്കും ഏഴുപോയന്റാണെങ്കിലും ഗോള്‍ വ്യത്യാസമാണ് കാനറികള്‍ക്ക് നേട്ടമായത്. സ്‌കോട്ട്ലന്‍ഡ് മൂന്നുപോയന്റോടെ മൂന്നാമതാണ്. അടുത്ത റൗണ്ടില്‍ ഗ്രൂപ്പ് എഫിലെ രണ്ടാം സ്ഥാനക്കാരാണ് ബ്രസീലിന്റെ എതിരാളികള്‍. നെതര്‍ലന്‍ഡ്സ്, ജപ്പാന്‍, സ്വീഡന്‍ ടീമുകള്‍ എതിരാളികളായി വന്നേക്കാം.

 

 

Leave a Reply

Your email address will not be published. Required fields are marked *