മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നാലാം തവണയും സ്വന്തമാക്കിയ മമ്മൂട്ടിയെ ഫോണിൽ വിളിച്ച് അനുമോദനം അറിയിച്ച് സിനിമാ സാംസ്കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ്. തന്റെയും സംസ്ഥാന സർക്കാരിന്റെയും സന്തോഷം ഫോണിലൂടെ മന്ത്രി അറിയിച്ചു. ‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ അസാധ്യ പ്രകടനത്തിനാണ് മമ്മൂട്ടിക്ക് പുരസ്കാരം.മമ്മൂട്ടിക്ക് ദേശീയ പുരസ്‌കാരം ലഭിച്ചത് മലയാളത്തിന് മുഴുവൻ നേട്ടമാണെന്ന് മന്ത്രി പിസി വിഷ്ണുനാഥ് മാധ്യമങ്ങളോട് പറഞ്ഞു. “മമ്മൂക്കയെ നേരിട്ട് വിളിച്ച് സന്തോഷം അറിയിക്കാൻ കഴിഞ്ഞു. മമ്മൂക്കയ്ക്ക് ലഭിച്ച ദേശീയ അംഗീകാരം മലയാള സിനിമയ്ക്ക് ലഭിച്ച വലിയൊരു അംഗീകാരമാണ്. ദേശീയ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മലയാളത്തിന് മികച്ച നേട്ടം ലഭിച്ചു എന്ന് തന്നെയാണ് കരുതുന്നത്,” മന്ത്രി പി സി വിഷ്ണുനാഥ് പറഞ്ഞു.