പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയില്‍

ടെഹ്റാന്‍: സമാധാന കരാര്‍ ലംഘിച്ച് ഇറാന്‍ ഹോര്‍മൂസില്‍ കപ്പലിന് നേരെ നടത്തിയ ഡ്രോണ്‍ ആക്രമണത്തിന് അമേരിക്ക തിരിച്ചടിച്ചതോടെ പശ്ചിമേഷ്യയില്‍ യുദ്ധസാഹചര്യം വീണ്ടും അതീവ ഗുരുതരമാകുന്നു. തങ്ങളുടെ ‘ജോലി തീര്‍ക്കാന്‍’ യുഎസ് സൈന്യം നിര്‍ബന്ധിതരായാല്‍ ഇറാന്‍ ബാക്കിയുണ്ടാവില്ലെന്ന് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണി. ന്യായവും നീതിയും നോക്കി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായേക്കാം. ഞങ്ങള്‍ വിജയകരമായി തുടങ്ങിയ ജോലി പൂര്‍ത്തിയാക്കാന്‍ യുഎസ് സൈന്യവും നിര്‍ബന്ധിതരാകും. അങ്ങനെയുണ്ടായാല്‍ ഇറാന്‍ ഇനി ബാക്കിയുണ്ടാവില്ല-ട്രംപ് പറഞ്ഞു. ഇറാനെതിരെ യുഎസ് വീണ്ടും ആക്രമണം നടത്തിയതിനു പിന്നാലെയാണ് ട്രൂത്ത് സോഷ്യലില്‍ ട്രംപ് ഭീഷണി മുഴക്കിയത്.

ശനിയാഴ്ച പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേരിട്ടുള്ള ഉത്തരവിനെത്തുടര്‍ന്ന് അമേരിക്കന്‍ സൈന്യം ഇറാനിലെ പത്തോളം തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ ബോംബാക്രമണം നടത്തിയിരുന്നു. യു.എസ് സൈന്യം നടത്തിയ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി കുവൈറ്റിലും ബഹ്റൈനിലും ഇറാന്‍ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി. റെവല്യൂഷണറി ഗാര്‍ഡ്‌സ് ആണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇനിയും പ്രകോപനമുണ്ടായാല്‍ അതിശക്തമായ മറുപ നല്‍കുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ഇതിന് പിന്നാലെയാണ് ഇറാനെതിരെ ട്രംപ് ഭീഷണി മുഴക്കിയത്. ഇറാന്റെ 10 സൈനികകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.

ഹോര്‍മുസ് കടലിടുക്കിന് സമീപമുള്ള 10 കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്നും എംടി കികു എന്ന കപ്പലിനുനേരെ ഇറാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിനു തിരിച്ചടിയായാണ് ആക്രമണമെന്നും സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. വെടിനിര്‍ത്തല്‍ ധാരണയിലെത്തിയതിന് പിന്നാലെ ഇത് തുടര്‍ച്ചയായ രണ്ടാംദിനമാണ് യുഎസ് ഇറാനെതിരെ ആക്രമണം നടത്തുന്നത്. അമേരിക്കയുടെ ഈ വ്യോമാക്രമണത്തിന് തൊട്ടുപിന്നാലെയാണ് കുവൈറ്റിലെയും ബഹ്റൈനിലെയും യു.എസ് താവളങ്ങളെ ലക്ഷ്യമിട്ട് ഇറാന്‍ മിസൈലുകളും ഡ്രോണുകളും തൊടുത്തുവിട്ടത്. ആക്രമണത്തെത്തുടര്‍ന്ന് കുവൈറ്റിലും ബഹ്റൈനിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാറുകള്‍ പാടെ തകര്‍ന്നതോടെ വരും ദിവസങ്ങളില്‍ മേഖലയിലെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുമെന്നാണ് വിലയിരുത്തലുകള്‍.

 

Leave a Reply

Your email address will not be published. Required fields are marked *